കളമശ്ശേരി സ്ഫോടനം: ജനം ടി.വിക്കെതിരെ കേസെടുത്തു

കോഴിക്കോട്​: കളമശ്ശേരി സ്​ഫോടന സംഭവത്തിൽ വിദ്വേഷം പ്രചരിപ്പിച്ചതിന് ജനം ടി.വിക്കെതിരെ പൊലീസ് കേസെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്‍റെ പരാതിയിലാണ് എളമക്കര പൊലീസ്​ കേസെടുത്തത്.

 

കലാപമുണ്ടാക്കാനുള്ള ആഹ്വാനത്തോടെ പ്രകോപനമുണ്ടാക്കിയതിനാണ്​ ഐ.പി.സി 153 പ്രകാരം പ്രകാരം കേ​സ്​. ഒരു പ്രത്യേക മതവിഭാഗമാണ്​ സ്​ഫോടനത്തിന്​ പിന്നിൽ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും ജനം ടി.വി പ്രചരിപ്പിച്ചതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു.

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. വിവിധ സ്റ്റേഷനുകളിൽ രാജീവ് ചന്ദ്രശേഖറിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.

 

‘‘ഹമാസിന്‍റെ ജിഹാദിനുള്ള പരസ്യാഹ്വാനം ക്രിസ്ത്യാനികൾക്കെതിരായ ആക്രമണത്തിനു കാരണമാകുമ്പോൾ ഡൽഹിയിലിരുന്ന് ഇസ്രായേലിനെതിരെ പ്രതിഷേധിക്കുകയാണ് മുഖ്യമന്ത്രി’’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. ആരോപണം തെളിഞ്ഞാൽ ആറു മാസം തടവോ പിഴയോ രണ്ടിൽ ഏതെങ്കിലുമൊന്നോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

 

കുമ്പളയിൽ വിദ്യാർഥിനികൾ ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട വാക്തർക്കങ്ങളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പേരിൽ അനിൽ ആന്റണിക്കെതിരെയും കേസെടുത്തിട്ടുണ്ട്. കാസർകോട് സംഭവത്തിൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അനിൽ ആന്റണിയെ കൂടി പ്രതി ചേർക്കുകയായിരുന്നു. എസ്.എഫ്.ഐ കാസർകോട് ജില്ല സെക്രട്ടറിയാണ് പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *