‘കള്ളപ്പണിക്കരും’ ‘ഉള്ളിയും’ കെ.സുരേ​ന്ദ്രനും ശ്രീജിത്ത് പണിക്കരും തമ്മിലടി

Sreejith Panicker

സംഘ്പരിവാർ നിരീക്ഷകനായി ചാനൽ ചർച്ചയിലെത്താറുള്ള ​ശ്രീജിത്ത് പണിക്കർക്കെതിരെ പരിഹാസവും വിമർശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. ചാനൽ ചർച്ചയിൽ പ​ങ്കെടുക്കന്ന പണിക്കർ ആക്രിനിരീക്ഷകനും കള്ളപ്പണിക്കരുമെന്നായിരുന്നു കെ.സുരേ​ന്ദ്രൻ പറഞ്ഞത്. ഇതിന് പിന്നാലെ ഉള്ളിയുടെ ചിത്രത്തിനൊപ്പം ഫേസ്ബുക്കിലിട്ട കുറിപ്പിൽ കെ.സുരേന്ദ്രന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. ശ്രീജിത്ത് പണിക്കർക്കെതിരെയുള്ള സുരേ​ന്ദ്രന്റെ വിമർശന വിഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിന് പിന്നാലെയാണ് സുരേന്ദ്രന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ പോസ്റ്റിട്ടത്. പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമൻറുകളാണുള്ളത്. Sreejith Panicker

‘നിങ്ങൾ മാത്രമല്ല ചില ആക്രിനിരീക്ഷകരും ചാനലുകളിൽ വന്നിരുന്നു പറയുകയാണ് സുരേഷ് ഗോപിയെ തൃശൂരിൽ തോൽപ്പിക്കാൻ ബി.ജെ.പിയുടെ സംസ്ഥാനഘടകം പരിശ്രമിച്ചുവെന്നു​. വൈകു​ന്നേരം ചാനലുകളിൽ വന്നിരുന്നു കള്ളപ്പണിക്കരാണ് സംസ്ഥാനഘടകത്തിന് നേരെ ആരോപണം ഉന്നയിക്കുന്നതെന്നുമാണ്’ സുരേന്ദ്രൻ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ‘ചെറിയുള്ളി,തൊലിയുരിച്ചത്’ എന്ന ചിത്രത്തിനൊപ്പമിട്ട കുറിപ്പിൽ കെ.സുരേന്ദ്രന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ രംഗ​ത്തെത്തിയത്.‘ഗണപതിവട്ടജി’ എന്ന് വിളിച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്. മകന്റെ കള്ളനിയമനം, തെരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല കലിപ്പുണ്ടാകും. സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചപ്പോൾ അതിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ലെന്നും കുറിപ്പിൽ പറയുന്നു.

പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ എന്നും പണിക്കർ കുറിപ്പിൽ ചോദിച്ചു.

 

ശ്രീജിത്ത് പണിക്കരുടെ കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ട ഗണപതിവട്ടജി,

നിങ്ങൾക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം.

സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചപ്പോൾ അതിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

സുരേഷ് ഗോപി തന്റെ മണ്ഡലത്തിൽ നടത്തിയ ഇടപെടലുകൾ, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങൾ ഇതേക്കുറിച്ചൊക്കെ ഞാൻ ചർച്ചകളിൽ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങൾ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാർഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങൾ ശ്രമിച്ചത്. അല്ലെങ്കിൽ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനർനാമകരണം ചെയ്യാൻ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകൾ ഇല്ലാതാക്കാൻ “മൂന്ന് ഡസൻ സീറ്റ്” എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാൻ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങൾക്കും കിട്ടും. അല്ലെങ്കിൽ പതിവുപോലെ കെട്ടിവച്ച കാശു പോകും.ഒരു കാര്യത്തിൽ നന്ദിയുണ്ട്. സോഷ്യൽ മീഡിയയിൽ ചിലർ എനിക്ക് ചാർത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!

പണിക്കർ

ചിത്രം: ചെറിയുള്ളി, തൊലിയുരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *