കലൂർ സ്റ്റേഡിയം അപകടം: നടപടി അവസാനിപ്പിക്കാൻ കൊച്ചി കോർപറേഷന്റെ നീക്കം
കൊച്ചി: കലൂർ സ്റ്റേഡിയം അപകടത്തിൽ ഹെല്‍ത്ത് ഇന്‍സ്പെക്ടറില്‍ നടപടി അവസാനിപ്പിക്കാൻ കൊച്ചി കോർപറേഷന്റെ നീക്കം. കൂടുതല്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടതില്ലെന്നാണ് തീരുമാനം. ഹെല്‍ത്ത് ഇന്‍സ്പെക്ടർ എഎം നീതയ്ക്കെതിരായ നടപടി ശാസനയില്‍ അവസാനിപ്പിച്ചു. നീതയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ്, റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കോർപറേഷന്‍ സെക്രട്ടറിയുടെ റിപ്പോർട്ടില്‍ നടപടി നിർദേശമില്ലെന്നാണ് സൂചന. കലൂരിൽ ഗിന്നസ് നൃത്തത്തിനിടെ സ്റ്റേജില്‍ നിന്ന് വീണാണ് എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്കേറ്റത്.
ഈ മാസം ഒന്നാം തിയ്യതിയാണ് കലൂർ ഹെൽത്ത് സർക്കിളിലെ എം.എൻ നിതയെ സസ്‌പെൻഡ് ചെയ്തത്. സംഭവസ്ഥലത്ത് പോയി കാര്യങ്ങൾ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഹെൽത്ത് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ റവന്യൂ, ഹെൽത്ത്, എഞ്ചിനീയറിങ് വിഭാഗങ്ങൾക്ക് വിഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിയിരുന്നു.