ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് എസ്.ഐ.ടി കസ്റ്റഡിയിൽ, അറസ്റ്റ് ഉടൻ?
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് എസ്.ഐ.ടി കസ്റ്റഡിയിൽ. രാജീവരെ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ചോദ്യം ചെയ്യൽ തുടരുകയാണ്. ചോദ്യം ചെയ്യൽ കഴിഞ്ഞാലുടൻ അറസ്റ്റുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നും ശബരിമല സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.
കണ്ഠരര് രാജീവർക്കെതിരെ റിമാൻഡിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാർ എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് തന്ത്രിയാണെന്നായിരുന്നു പത്മകുമാറിന്റെ മൊഴി. പോറ്റിയെ തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നും പത്മകുമാർ എസ്.ഐ.ടിയോട് പറഞ്ഞു.
സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊടുത്തുവിടാൻ തന്ത്രിമാർ അനുമതി നൽകിയെന്നും തന്ത്രി പരിചയപ്പെടുത്തിയ ആളായതിനാൽ പോറ്റിയെ വിശ്വസിച്ചെന്നുമാണ് പത്മകുമാറിന്റെ മൊഴിയിലെ വിശദാംശങ്ങൾ.
എന്നാൽ സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നായിരുന്നു തന്ത്രി എസ്.ഐ.ടിക്ക് നൽകിയ മൊഴി. സ്വർണപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ മാത്രമാണ് അനുമതി നൽകിയത്.കീഴ്ശാന്തി എന്ന നിലയിൽ പോറ്റിയെ അറിയാമായിരുന്നുവെന്നും സ്പോൺസർ എന്ന നിലയിൽ പരിചയം തുടർന്നുവെന്നും രാജീവര് അന്വേഷണ സംഘത്തോട് പറഞ്ഞു.
ശിൽപങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും എഴുതി ചോദിച്ചതിന്‍റെ മറുപടി മാത്രമാണ് താൻ കൊടുത്തതെന്നും രാജീവര് വ്യക്തമാക്കി.
അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങൽ വന്നത്. ശബരിമലയിൽവെച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയിൽ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തിരുന്നില്ല. സ്വർണം പൂശാൻ കൊണ്ടുപോയത് തന്‍റെ അനുമതി വാങ്ങാതെയാണ്. താൻ നൽകിയ കത്തുകളിൽ എല്ലാം സ്വർണം എന്നാണ് എഴുതിയിരിക്കുന്നതെന്നും രാജീവര് അന്വേഷണ സംഘത്തെ അറിയിച്ചു.
