തുടർ തോൽവി; കോച്ചിനെ പുറത്താക്കി കണ്ണൂര്‍, ഷഫീഖ് ഹസൻ താൽകാലിക കോച്ച്

ആന്‍ഡ്രേ ചെര്‍ണിഷോ, ഷഫീഖ് ഹസൻ
കണ്ണൂര്‍: ടീമിന്റെ തുടർച്ചയായ തോൽവിക്കു പിന്നാലെ കണ്ണൂര്‍ വാരിയേഴ്സ് എഫ്.സി മുഖ്യപരിശീലകന്‍ പുറത്തേക്ക്. സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണില്‍ നിര്‍ണായകമായ മൂന്നു മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് മികച്ച താരങ്ങൾ ഉൾപ്പെട്ട ടീമിന്റെ അവസാന ഉശിരെങ്കിലും പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയിൽ റഷ്യക്കാരനായ മുഖ്യപരിശീലകന്‍ ആന്‍ഡ്രേ ചെര്‍ണിഷോവിനെ പുറത്താക്കി കണ്ണൂര്‍ വാരിയേഴ്സ് കടുത്ത തീരുമാനമെടുത്തത്. ഈ സീസണിലെ ടീമിന്റെ പ്രകടനവും ഫലങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് ക്ലബ് മാനേജ്മെന്റിന്റെ നടപടി. ശേഷിക്കുന്ന മൂന്നു മത്സരങ്ങള്‍ക്കായി സഹപരിശീലകന്‍ ഷഫീഖ് ഹസനെ ആക്ടിങ് ഹെഡ് കോച്ചായി നിയമിച്ചു. കാലിക്കറ്റ് എഫ്.സിയുമായും ഫോഴ്സ കൊച്ചി എഫ്.സിയുമായും മലപ്പുറം എഫ്.സിയുമായാണ് ശേഷിക്കുന്ന മത്സരങ്ങൾ. മൂന്നാം സീസണിൽതന്നെ മലപ്പുറം എഫ്.സിയോടും കാലിക്കറ്റ് എഫ്.സിയോടും തൃശൂർ മാജിക് എഫ്.സിയോടും നിലവിലെ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സിന് തോൽവി നുണയേണ്ടിവന്നിട്ടുണ്ട്.
ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ വാരിയേഴ്സ് രണ്ടു വിജയവും നാലു തോല്‍വിയും ഒരുസമനിലയുമായി ഏഴു പോയിന്റുമായി ഗ്രൂപ്പില്‍ ആറാം സ്ഥാനത്താണ്. തുടർ മത്സരങ്ങളിൽ കളിക്കാര്‍ക്കും പരിശീലക സംഘത്തിനും പൂര്‍ണ പിന്തുണ നല്‍കുമെന്ന് ക്ലബ് അറിയിച്ചു. മുഖ്യപരിശീലകനായ ആന്‍ഡ്രേ ചെര്‍ണിഷോവിന് നന്ദി അറിയിച്ച ക്ലബ്, സീസണ് അവസാനിച്ചിട്ടില്ലെന്നും പോരാട്ടവീര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. ശേഷിക്കുന്ന മത്സരങ്ങളിലും ടീമിനൊപ്പം ഉറച്ചുനില്ക്കാന് ആരാധകരോട് അഭ്യര്‍ഥിച്ചു.
