പരീക്ഷയും മൂല്യനിർണയവും റീൽസാക്കി; രണ്ട് അധ്യാപികമാർക്കെതിരെ നടപടി

തിരുവനന്തപുരം: പരീക്ഷാ ഹാളിലെയും മൂല്യനിർണയ ക്യാമ്പിലെയും ദൃശ്യങ്ങൾ റീൽസാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ രണ്ടു എൻജിനീയറിങ്​ അധ്യാപികമാർക്കെതിരെ​ സാ​​ങ്കേതിക സർവകലാശാല നടപടി തുടങ്ങി. ഇവർ നേരിട്ട്​ ഹാജരായി വിശദീകരണം നൽകാൻ നോട്ടീസ്​ നൽകി.

പരീക്ഷാ സ്റ്റാൻഡിങ് കമ്മിറ്റി ഇവരുടെ മൊഴി രേഖപ്പെടുത്തും. വിശദീകരണം പരിഗണിച്ചശേഷം തുടർ നടപടികൾ കൈക്കൊള്ളാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. പരീക്ഷാ ഹാളിലെയും മൂല്യനിർണയ ക്യാമ്പിലെ രഹസ്യസ്വഭാവമുള്ള ജോലികളും ഉൾപ്പെടെ റീൽസിന്‍റെ ഭാഗമാക്കിയെന്ന്​ ആക്ഷേപം ഉയർന്നിരുന്നു.

വിവാദമായതോടെ റീൽസ്​ നീക്കി. ബി.ടെക് പരീക്ഷകളിൽ ആദ്യ മൂല്യനിർണയത്തിന്റെയും പുനർമൂല്യനിർണയത്തിന്റെയും ഫലങ്ങളിൽ വലിയ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് വിശദമായ റിപ്പോർട്ട് തേടാനും സിൻഡിക്കേറ്റ് നിർദേശം നൽകി.