കാന്തപുരത്തിന്റെ കേരളയാത്ര നാളെ കണ്ണൂരിൽ
കണ്ണൂർ: ‘മനുഷ്യർക്കൊപ്പം’ എന്ന സന്ദേശവുമായി കേരള മുസ് ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാർ നയിക്കുന്ന കേരള യാത്ര ജനുവരി രണ്ടിന് കണ്ണൂരിലെത്തും.
രാവിലെ ഒമ്പതിന് പയ്യന്നൂരിൽ യാത്രക്ക് വരവേൽപ് നൽകുമെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് നാലിന് കണ്ണൂർ പ്രഭാത് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന യാത്രയിൽ പ്രത്യേകം തയാറാക്കിയ സെന്റിനറി ഗാർഡ് അംഗങ്ങൾ അണിനിരക്കും. വൈകീട്ട് അഞ്ചിന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന സ്വീകരണ സമ്മേളനം പട്ടുവം കെ.പി. അബൂബക്കർ മുസ് ലിയാരുടെ അധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. ഉപനായകരായ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹിമാൻ സഖാഫി എന്നിവർ വിഷയാവതരണം നടത്തും. കെ. സുധാകരൻ എം.പി, സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്, മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ തുടങ്ങിയവർ സംസാരിക്കും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്. ‘മനുഷ്യർക്കൊപ്പം’ എന്ന സന്ദേശം കൂടുതൽ ശക്തമായി പറയേണ്ടതും നടപ്പാക്കേണ്ടതുമായ കാലമാണിതെന്നും വേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുകയെന്ന ആശയമാണ് ഈ പ്രമേയം മുന്നോട്ടുവെക്കുന്നതെന്നും സംഘാടകർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ സമസ്‌ത ജില്ല മുശാവറ ജനറൽ സെക്രട്ടറി പി.പി. അബ്‌ദുൽ ഹഖീം സഅദി, കേരള യാത്ര ജില്ല സമിതി ജനറൽ കണ്‍വീനർ എം.കെ. ഹാമിദ്, ജനറൽ സെക്രട്ടറി ഹനീഫ് പാനൂർ, കേരള മുസ്‍ലിം ജമാഅത്ത് ജില്ല ഭാരവാഹികളായ മുഹമ്മദ് സഖാഫി ചൊക്ലി, അബ്‌ദുറസാഖ് മാണിയൂർ, എസ്.വൈ.എസ് കണ്ണൂർ ജില്ല പ്രസിഡന്റ് മുഹമ്മദ് റഫീഖ് അമാനി, പി.കെ. അബ്‌ദുറഹിമാൻ എന്നിവർ പങ്കെടുത്തു.
