രാജ്യത്തെ ഓർത്ത് വേദനിക്കുന്നെന്ന് കപില്‍ സിബല്‍; മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ വിമര്‍ശനവുമായി നേതാക്കള്‍

Modi's hate speech

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്ന് മുൻ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ കപിൽ സിബൽ . രാജ്യത്തെ ഓർത്ത് വേദനിക്കുകയാണെന്നും പ്രധാനമന്ത്രി എന്ന പദവിക്കുള്ള ആദരവിന് അദ്ദേഹം അർഹൻ അല്ലെന്നും കപിൽ സിബൽ പറഞ്ഞു. ഇത് എന്ത് തരം രാഷ്ട്രീയ സംസ്കാരമാണെന്നും അദ്ദേഹം ചോദിച്ചു. രാജ്യ വ്യാപകമായി പ്രതിഷേധം ഉയരണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു.

ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ മോദിയും ആർഎസ്എസും ഭയത്തിലാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ യോഗേന്ദ്രയാദവ് പ്രതികരിച്ചു. വരും മണിക്കൂറുകളിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ ബി.ജെ.പി വീണ്ടും നടത്തും. ഇങ്ങനെ ഒരാളാണോ പ്രധാനമന്ത്രിയാകേണ്ടതെന്നും യോഗേന്ദ്രയാദവ് ചോദിച്ചു.

രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയത്. രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു വിവാദ പരാമർശങ്ങൾ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ്‌ മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും മോദി ചോദിച്ചു.

ഭയം കാരണം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മോദി ശ്രമിക്കുന്നു എന്ന്‌ രാഹുൽ ഗാന്ധി ആരോപിച്ചു. മോദി വീണ്ടും വീണ്ടും കള്ളം പറയുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേഡ പറഞ്ഞു. പ്രധാനമന്ത്രിയുടെത് വിഷം നിറഞ്ഞ ഭാഷയാണെന്ന് ജയറാം രമേശ്‌ പ്രതികരിച്ചു.ഭരണഘടനയെ തകർക്കുവാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

READ ALSO:രേഖകളില്ലാതെ കടത്തിയ 2 കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി പിടിയിൽ

ഇന്‍ഡ്യ മുന്നണിക്ക് വലിയ മുന്നേറ്റം ഉണ്ടാവുമെന്ന റിപ്പോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അസ്ഥസ്ഥനാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചു. ഇതാണ് വിദ്വേഷ പ്രസംഗത്തിന് കാരണമെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് മോദി ഉന്നയിക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *