കാരായി ചന്ദ്രശേഖരൻ തലശേരി നഗരസഭ ചെയർമാനായി ചുമതലയേറ്റു



കണ്ണൂർ: തലശ്ശേരി നഗരസഭ ചെയർമാനായി ഫസൽ വധക്കേസിലെ എട്ടാം പ്രതി കാരായി ചന്ദ്രശേഖരൻ ചുമതലയേറ്റു. കേസിൽ നിലവിൽ ജാമ്യത്തിലാണ് കാരായി ചന്ദ്രശേഖരൻ. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച് 2021 നവംബർ 21നാണ് ചന്ദ്രശേഖരൻ കണ്ണൂരിൽ തിരിച്ചെത്തിയത്.

53 കൗണ്‍സിലര്‍മാരില്‍ 32 വോട്ടുകള്‍ നേടിയാണ് കാരായി ചന്ദ്രശേഖരന്റെ വിജയം. 52 പേരാണ് ഇന്ന് നടപടിക്രമങ്ങള്‍ക്കായി ഹാജരായത്.

2013 നവംബര്‍ എട്ടിനാണ് ഫസൽ വധക്കേസ് പ്രതികളായ കാരായി ചന്ദ്രശേഖരനും മറ്റൊരു പ്രതിയായ കാരായി രാജനും ജാമ്യം ലഭിച്ചത്. ജാമ്യവ്യവസ്ഥ പ്രകാരം എറണാകുളത്തായിരുന്നു പിന്നീട് താമസം. ഇതിനിടെ രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാനുമായി.

എന്നാൽ നാട്ടിലേക്ക് വരാന്‍ കഴിയാതെ വന്നതോടെ ഇരുവര്‍ക്കും സ്ഥാനം രാജിവെക്കേണ്ടി വന്നു. നാട്ടിലെത്തിയ ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുക‌യായിരുന്നു.

ബാലം വാര്‍ഡിലെ എസ്.ഡി.പി.ഐ പ്രതിനിധി വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ബി.ജെ.പിയുടെ പ്രതിനിധി പ്രശാന്ത് ജയിലിലായതിനാല്‍ ഹാജരായിരുന്നില്ല.

സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ കയറി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ബി.ജെ.പി അംഗമായ പ്രശാന്ത്. നഗരസഭാ അംഗമായിരുന്ന കൊങ്ങല്‍വയലിലെ പി. രാജേഷ്, സഹോദരന്‍ പി .രഞ്ജിത്ത്, പിതൃസഹോദരി ചന്ദ്രി എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ ഉള്‍പ്പെടെ 10 ബിജെപി പ്രവര്‍ത്തകരെ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. കേസില്‍ പതിനൊന്നാം പ്രതിയാണ് പ്രശാന്ത്.

അതേസമയം, ‌കണ്ണൂർ കോർപ്പറേഷനിൽ 36 അംഗങ്ങുടെ പിന്തുണയോടെ ‌യു.ഡി.എഫിലെ പി. ഇന്ദിര മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്.ഡി.പി.ഐയുടെ ഒരംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭയിൽ സി.പി.എമ്മിലെ വി. സതീദേവിയാണ് ചെയർപേഴ്സണായി തെരഞ്ഞെടുത്തു. തളിപ്പറമ്പിൽ യു.ഡി.എഫിലെ പി.കെ സുബൈറാണ് ന​ഗരസഭാ അധ്യക്ഷൻ. എൽ.ഡി.എഫിലെ ടി. ബാലകൃഷ്ണന് 15 വോട്ടും ബി.ജെ.പിയിലെ പി.വി സുരേഷിന് മൂന്ന് വോട്ടും ലഭിച്ചു.

കൂത്തുപറമ്പ് നഗരസഭാ ചെയർമാനായി സി.പി.എമ്മിലെ വി. ഷിജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. ഷിജിത്തിന് 24 വോട്ടും യു.ഡി.എഫിലെ പി.കെ സതീശന് മൂന്ന് വോട്ടും ലഭിച്ചു. അരമണിക്കൂറിലേറെ വൈകിയെത്തിയ ബി.ജെ.പി അംഗം വി. രമിതക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാനായില്ല.

പാനൂർ നഗരസഭയിൽ മുസ്‌ലിം ലീഗിലെ നൗഷത്ത് ടീച്ചർ കൂടത്തിലാണ് ചെയർപേഴ്സൺ. നൗഷത്ത് ടീച്ചർക്ക് 23 വോട്ട് ലഭിച്ചപ്പോൾ സി.പി.എമ്മിലെ പി.പി ശബ്നത്തിന് 13 വോട്ടും ലഭിച്ചു.