മുംബൈയെ തകർത്ത കശ്മീർ പേസർ; രോഹിതിനേയും രഹാനെയേയും വീഴ്ത്തിയ ഉമർ നസിർ മിർ ചില്ലറക്കാരനല്ല
മുംബൈ: ഒരു പതിറ്റാണ്ടിന് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ രോഹിത് ശർമ, ക്യാപ്റ്റൻ അജിൻക്യ രഹാനെ, ഓൾറൗണ്ടർ ശിവം ദുബെ. രഞ്ജി ട്രോഫിയിൽ മുംബൈയുടെ ഈ മൂന്ന് താരങ്ങളേയും പുറത്താക്കി ശ്രദ്ധനേടി ജമ്മു കശ്മീർ പേസർ ഉമർ നസിർ മിർ. 31 കാരന്റെ ബൗളിങ് മികവിൽ മുബൈയെ 120 റൺസിന് ഓൾഔട്ടാക്കാനും കശ്മീരിനായി. ആരാണ് ഈ വലംകൈയ്യൻ ബൗളർ. പേസും ബൗൺസറും കൊണ്ട് ഇന്ത്യൻ സീനിയർ താരങ്ങളെ വിറപ്പിച്ച ആറടി നാലിഞ്ചുകാരൻ മുംബൈ ശരത്പവാർ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.Umar Nasir
2013ലാണ് മിർ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. തുടർന്ന് ഇതുവരെ 57 മത്സരങ്ങളിൽ നിന്നായി 138 വിക്കറ്റുകളാണ് നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലും മികച്ച രീതിയിൽ പന്തെറിഞ്ഞു. 2018-19 ദിയോധർ ട്രോഫിക്കുള്ള ഇന്ത്യ സി ടീമിലും ഇടം നേടിയിരുന്നെങ്കിലും ദേശീയ ടീമിലേക്ക് ഇതുവരെ വിളിയെത്തിയില്ല. ആറടി നാലിഞ്ചുകാരനായ ഉമർ തന്റെ ഉയരം ഫലപ്രദമായി ഉപയോഗപ്പെടുത്തിയാണ് എതിരാളികളെ വീഴ്ത്തിയത്. പുൽവാമ സ്വദേശിയായ 31 കാരൻ കശ്മീരിനായി ദീർഘകാലമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചുവരുന്നു.
ക്യാപ്റ്റന്റെ വിശ്വസ്ത ബൗളറായ ഉമർ നസിർ കൃത്യമായ ഇടവേളകളിൽ ടീമിനായി വിക്കറ്റുകൾ വീഴ്ത്തി. രോഹിത്തിനെ മൂന്ന് റൺസിൽ ബൗൺസറെറിഞ്ഞ് പിടികൂടിയപ്പോൾ രഹാനെയെ(12) ക്ലീൻബൗൾഡാക്കി. ശിവം ദുബെ പൂജ്യത്തിന് മടങ്ങി. തമോറിനെ എൽബിയിൽ കുടുക്കിയ താരം നാല് വിക്കറ്റാണ് വീഴ്ത്തിയത്.