ഇടത് സർക്കാർ ജീവനക്കാരെ ശത്രുക്കളാക്കിയെന്ന് കെ.സി. വേണുഗോപാൽ; ‘പ്രതികാര നടപടികളാണ് ജീവനക്കാരോട് കാണിക്കുന്നത്’
കണ്ണൂർ: ജീവനക്കാരെയും പെൻഷൻകാരെയും ശത്രുപക്ഷത്താക്കുകയാണ് പിണറായി സർക്കാറെന്നും ലക്ഷക്കണക്കിന് ആൾക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുക വഴി കുടിശ്ശിക സർക്കാറായി ഇവർ മാറിയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂർ ധനലക്ഷ്മി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നു മാസത്തിന് ശേഷം ജീവനക്കാരെയും പെൻഷൻകാരെയും മിത്രങ്ങളാക്കുന്ന സർക്കാർ അധികാരത്തിൽ വരും. മെഡിസിപ്പിന്റെ വിഹിതം കൂട്ടിയപ്പോൾ ആനുകൂല്യം കുറച്ചു. പേരിന് മാത്രമാണ് മെഡിസിപ്പ് ഇപ്പോൾ. പ്രതികാര നടപടികളാണ് സർക്കാർ പലപ്പോഴും ജീവനക്കാരോട് കാണിക്കുന്നത്.
എട്ടു മാസം ആശാവർക്കർമാർ സമരം നടത്തി, സർക്കാർ തിരിഞ്ഞു നോക്കിയില്ല. കേന്ദ്ര സർക്കാറാണെങ്കിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചു. കോൺഗ്രസ് കൊണ്ടുവന്ന ദാരിദ്യ നിർമാർജന പദ്ധതിയായിരുന്നു അതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
