ഡൽഹിയിൽ ഗുജറാത്ത് പൊലീസിനെ വിന്യസിച്ചതിനെതിരെ കെജ്‌രിവാൾ; വിശദീകരണവുമായി ഡൽഹി പൊലീസ്
ന്യൂഡൽഹി: തന്റെ സുരക്ഷാ സംഘത്തിൽനിന്ന് പഞ്ചാബ് പൊലീസിനെ പിൻവലിച്ച് ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയെന്ന ആരോപണവുമായി എഎപി കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഇതിന് പിന്നിലുള്ള ലക്ഷ്യമെന്താണെന്ന് കെജ്‌രിവാൾ ചോദിച്ചു. കെജ്‌രിവാളിന്റെ സുരക്ഷാസംഘത്തിൽനിന്ന് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരെ നീക്കണമെന്ന് വ്യാഴാഴ്ചയാണ് പഞ്ചാബ് പൊലീസിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയത്.Kejriwal
അതേസമയം കെജ്‌രിവാളിന്റെ ആരോപണത്തിൽ വിശദീകരണവുമായി ഡൽഹി പൊലീസ് രംഗത്തെത്തി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിശദീകരണം. 220 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡൽഹിയിൽ വിന്യസിച്ചിട്ടുള്ളത്. സിആർപിഎഫ്, ബിഎസ്എഫ്, എസ്എസ്ബി, ഐടിബിപി, സിഐഎസ്എഫ്, ആർപിഎഫ് തുടങ്ങിയ അർധ സൈനിക വിഭാഗങ്ങൾക്ക് പുറമെ രാജസ്ഥാൻ, ബിഹാർ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജാർഖണ്ഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, ഛണ്ഡീഗഢ്, ഹിമാചൽപ്രേശ് പൊലീസിലെ 70 കമ്പനി ഉദ്യോഗസ്ഥരെയും ഡൽഹിയിൽ വിന്യസിക്കുന്നുണ്ട്. മൂന്ന് ഘട്ടമായാണ് ഇവർ ഡൽഹിയിലെത്തുകയെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.
ഫെബ്രുവരി അഞ്ചിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വിവിധ ജോലികൾക്ക് 250 കമ്പനി പൊലീസിനെ ആവശ്യമുണ്ട്. ഫ്‌ളെയിങ് സ്‌ക്വാഡ്, സംസ്ഥാന അതിർത്തിയിലെ പരിശോധന, പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷ, പ്രശ്‌നബാധിതമേഖലകളുടെ സുരക്ഷ തുടങ്ങിയവക്കായി അധിക പൊലീസിനെ ആവശ്യമാണ്. കർഷക സമരം നടക്കുന്നതിനാൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളും കുംഭമേള നടക്കുന്നതിനാൽ ഉത്തർപ്രദേശും പൊലീസിനെ വിട്ടുനൽകാനാവുമോ എന്നത് വ്യക്തമാക്കിയിട്ടില്ലെന്നും ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കെജ്‌രിവാളിന്റെ ആരോപണത്തിനെതിരെ ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാങ്‌വി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങൾ താങ്കൾക്ക് അറിയില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഗുജറാത്തിൽനിന്ന് മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽനിന്ന് സേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിൽനിന്ന് എട്ട് കമ്പനി സേനയെ ഡൽഹിയിലേക്ക് അയച്ചു. എന്തുകൊണ്ടാണ് ഗുജറാത്തിനെ മാത്രം തിരഞ്ഞെടുത്ത് വിമർശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തോൽവി ഭയന്നാണ് കെജ്‌രിവാൾ ഇത്തരം അഭിപ്രായങ്ങൾ പറയുന്നത് എന്നായിരുന്നു ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രതികരണം.