കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം മത്സരം, മിഷൻ നോർത്ത് ഈസ്റ്റ്

ഗുവാഹതി: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ രണ്ടാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഞായറാഴ്ച ഇറങ്ങുന്നു. ഗുവാഹതിയിലെ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7.30ന് തുടങ്ങുന്ന കളിയിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡാണ് എതിരാളികൾ. ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ച് തുടങ്ങിയ മഞ്ഞപ്പടയുടെ ലക്ഷ്യം വിജയത്തുടർച്ചയാണ്.
ക്യാപ്റ്റൻ വിബിൻ മോഹനനും അരങ്ങേറ്റ താരം ആന്ദ്രെ ഗ്രീനും ലക്ഷ്യം കണ്ട കളിയിൽ ജയത്തോടെ ബ്ലാസ്റ്റേഴ്സ് ഒന്നാംസ്ഥാനത്തേക്കും കയറുകയുണ്ടായി. ആന്ദ്രെ ഗ്രീൻ, ജെയിംസ് ബോൾട്ടൺ, നെബോജ്ഷ കൊസോവിച്ച്, മുഹമ്മദ് സനാൻ, മോമോ യാൻസാനെ, പോൾ റാംഫാങ്സൗവ, സുമിത് ശർമ എന്നിവരുടെ അരങ്ങേറ്റത്തിനും ആദ്യ മത്സരം സാക്ഷ്യം വഹിച്ചു.
കൊൽക്കത്തയിലെ മൂന്ന് ദിവസത്തെ തീവ്ര പരിശീലനത്തിന് ശേഷം ഗുവാഹതിയിലെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് ഹോം ടീം ആയതുകൊണ്ടുതന്നെ സ്വന്തം തട്ടകത്തിൽ ആക്രമിച്ച് കളിക്കാനാവും ശ്രമിക്കുകയെന്ന് ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ആഷ്ലി വെസ്റ്റ്വുഡ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ കളിയിൽ മികച്ച വിജയം നേടിയതിനാൽ അവർക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും. കളത്തിൽ പൂർണ അച്ചടക്കത്തോടെയും ഒത്തിണക്കത്തോടെയും പൊരുതി മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാവും തങ്ങളുടെ ദൗത്യം. ആദ്യ കളിയിൽ നമ്മൾ ജയിച്ചെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടാനുണ്ട്. ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും ഗോളുകൾ നേടാനും സാധിച്ചതും താരങ്ങൾ പൂർണ ഫിറ്റ്നസോടെ 90 മിനിറ്റും കളത്തിലിറങ്ങിയതും തീർച്ചയായും വലിയ പോസിറ്റീവുകളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മറുവശത്ത് വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ 1-0 ന് തോൽപിച്ചതിന്റെ ആത്മവിശ്വാസലാണ് ജുവാൻ പെഡ്രോ ബെനാലിയുടെ കീഴിലിറങ്ങുന്ന നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എത്തുന്നത്. ജിതിൻ എം.എസ്, അലാദ്ദീൻ അജറായ് എന്നിവരുടെ മുന്നേറ്റവും പ്രതിരോധത്തിൽ അഷീർ അക്തറും ഗോൾവലക്ക് മുന്നിൽ ഗുർമീത് സിങ് അടങ്ങുന്നതാണ് അവരുടെ കരുത്ത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 25 തവണയാണ് ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും നേർക്കുനേർ ഏറ്റുമുട്ടിയത്. ഇതിൽ ഒമ്പത് വിജയങ്ങളുമായി മുൻതൂക്കം ബ്ലാസ്റ്റേഴ്സിനാണ്. ആറ് മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് ജയിച്ചപ്പോൾ പത്തെണ്ണം സമനിലയിൽ കലാശിച്ചു. കൊച്ചിയിൽ കഴിഞ്ഞ തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 1-1 എന്ന നിലയിൽ സമനിലയിലാണ് മത്സരം അവസാനിച്ചത്.
