കേരള ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ്: കുസാറ്റിന് ഒന്നാം റാങ്ക്
തൃശൂർ: കേരള ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് 2025 രണ്ടാം എഡിഷൻ ഫലപ്രഖ്യാപനത്തിൽ സർകലാശാലകളുടെ റാങ്കിങ്ങിൽ കൊച്ചിൻ യൂനിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് (കുസാറ്റ്) ഒന്നാം സ്ഥാനം. എം.ജിക്ക് രണ്ടാം സ്ഥാനവും കാലിക്കറ്റിന് മൂന്നാം സ്ഥാനവും ലഭിച്ചു. ദേശീയതലത്തിൽ ആറാം സ്ഥാനത്തുള്ള കേരള സർവകലാശാല റാങ്കിങ്ങിലേക്ക് അപേക്ഷിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
ദേശീയ റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ് കുസാറ്റ്. കേരള കാർഷിക സർവകലാശാല, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല, കണ്ണൂർ സർവകലാശാല, കാലടി ശ്രീശങ്കരാചാര്യ, എറണാകുളം ന്യുവാൽസ്, തുഞ്ചത്ത് എഴുത്തച്ഛൻ സർവകലാശാല, കേരള ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണഗുരു സർവകലാശാല എന്നിവയാണ് സർവകലാശാലാ റാങ്കിങ്ങിൽ നാല് മുതൽ 10 വരെയുള്ള പട്ടികയിലുള്ളത്.
കോളജുകളുടെ റാങ്കിങ്ങിൽ എറണാകുളം രാജഗിരിയും എൻജിനിയറിങ് കോളജിൽ കോളജ് ഒഫ് എൻജിനിയറിങ് ട്രിവാൻഡ്രവും മാനേജ്മെന്റ് റാങ്കിങ്ങിൽ എറണാകുളം രാജഗിരി ബിസിനസ് സ്കൂളും നഴ്സിങ് കോളജിൽ മലപ്പുറം മിംസ് കോളജ് ഒഫ് നഴ്സിങ്ങും അധ്യാപക പരിശീലന സ്ഥാപനങ്ങളിൽ കോഴിക്കോട് ഫറൂഖ് ട്രെയിനിങ് കോളജും കാർഷിക കോളജുകളിൽ വെള്ളായണി കാർഷിക കോളജും ഒന്നാം സ്ഥാനം നേടി. സർവകലാശാലാ വിഭാഗത്തിലെ ഒന്നാം റാങ്കിന് അഞ്ചു ലക്ഷം രൂപയുടെ ‘മുഖ്യമന്ത്രിയുടെ അവാർഡും മറ്റ് ഓരോ വിഭാഗങ്ങളിലെയും ഒന്നാം റാങ്കുകാർക്ക് രണ്ടു ലക്ഷം രൂപ വീതമുള്ള ‘ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അവാർഡും സമ്മാനിക്കും.
