‘കേരളം കിടു സ്ഥലം, പോകാനേ തോന്നുന്നില്ല’; ബ്രിട്ടീഷ് യുദ്ധവിമാനത്തെയും പരസ്യമാക്കി കേരള ടൂറിസം; ചിരി പടര്‍ത്തി കമന്‍റ് ബോക്സ്

 

തിരുവനന്തപുരം: ‘കേരളം അതിമനോഹരമായ സ്ഥലം..ഇവിടുന്ന് പോകാനേ തോന്നുന്നില്ല’…പറയുന്നത് വേറെയാരുമല്ല, സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35. കൂടെ ഫൈവ് സ്റ്റാര്‍ റേറ്റിങും.. കേരള ടൂറിസം വകുപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തി വൈറലായിരിക്കുന്നത്.

‘കേരളം, നിങ്ങൾ ഒരിക്കലും വിട്ടുപോകാൻ ആഗ്രഹിക്കാത്ത സ്ഥലം’. എന്ന കാപ്ഷനുമായാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്…’കേരളം അതിമനോഹരമായ സ്ഥലമാണ്.എനിക്ക് പോകാനോ തോന്നുന്നില്ല.തീർച്ചയായും റെക്കമന്റ് ചെയ്യുന്നു’..എന്നാണ് പോസ്റ്ററിലുള്ളത്. പോസ്റ്ററിന് കീഴില്‍ നിരവധി പേരാണ് രസകരമായ കമന്‍റുകള്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഇതാണ് വീണിടം വിദ്യയാക്കുന്ന മാർക്കറ്റിങ് സ്ട്രാറ്റജിയെന്നായിരുന്നു’ ഒരു കമന്റ്.’എന്തായാലും ആയി ഇനി ഓണം കൂടി വള്ളം കളിയും കണ്ടിട്ട് പോവാം’,’നമുക്ക് ഇത് മ്യൂസിയം ആക്കിയാലോ’,’ഒന്നും നടന്നില്ലെങ്കിൽ കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ഒന്ന് കാണിച്ചു നോക്കായിരുന്നു…!!!’ ,’ഇനീപ്പോ അടുത്ത ഓണം കൂടീട്ട് പോവാം’.. എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. നിരവധി പേര്‍ പോസ്റ്റ് ലൈക്കും ഷെയറും ചെയ്തിട്ടുണ്ട്.

ജൂൺ 14നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്.100 മില്യൺ ഡോളർ വില വരുന്ന വിമാനം ബ്രിട്ടീഷ് നാവികസേനയുടേതാണ്. ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് ലാൻഡ് ചെയ്യുന്നത് എന്നായിരുന്നു അപ്പോൾ പറഞ്ഞിരുന്നത്. ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറാണ് അടിയന്തര ലാൻഡിങ്ങിന് കാരണമെന്ന് പിന്നീട് പറഞ്ഞു.കനത്ത മഴയെ തുടർന്ന് വിമാനം ഹാങ്ങറിലേക്ക് മാറ്റാമെന്ന ഇന്ത്യയുടെ നിർദേശം യുകെ തള്ളുകയും ചെയ്തിരുന്നു.

ലോകത്തെ ഏതാനും രാജ്യങ്ങൾക്ക് മാത്രം സ്വന്തമായുള്ള അഞ്ചാം തലമുറയിൽപ്പെട്ട യുദ്ധവിമാനമാണ് ബ്രിട്ടീഷ് നാവികസേനയുടെ അമേരിക്കൻ നിർമിത എഫ് 35. രഹസ്യമായ നിരവധി സാങ്കേതിക സംവിധാനങ്ങൾ കാരണം മറ്റു യുദ്ധവിമാനങ്ങളെക്കാൾ പോരാട്ടശേഷി കൂടിയവയാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ. അമേരിക്കയുടെ തന്നെ എഫ് 22 റാപ്റ്റർ, റഷ്യയുടെ എസ്‌യു 57, ചൈനയുടെ ഛെങ്ഡു ജെ 20, ഷെൻയാങ് ജെ 35, തുർക്കിയുടെ ടിഎഫ്എക്‌സ്- ഖാൻ എന്നിവയാണ് ഈ ഗണത്തിൽപ്പെടുന്ന മറ്റു യുദ്ധവിമാനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *