കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി

Kerala NGO Union 61st State Conference started in Kozhikode

കേരള എൻ.ജി.ഒ. യൂണിയന്റെ 61-ാം സംസ്ഥാന സമ്മേളനം കോഴിക്കോട് സ്വപ്‍ന നഗരിയിലെ ട്രേഡ് സെന്ററിൽ തുടങ്ങി. ജൂൺ 22, 23, 24 തിയ്യതികളിലായാണ് സമ്മേളനം നടക്കുന്നത്. രാവിലെ 8.45 ന് സംസ്ഥാന പ്രസിഡന്റ് ശ്രീ. എം.വി. ശശിധരൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു.
രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം 9 മണിക്ക് 2023 ലെ സംസ്ഥാന കൗൺസിൽ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ. ആർ സാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വിവിധ ജില്ലകളിൽ നിന്നുള്ള സഖാക്കൾ പങ്കെടുത്തു. അനിത എം (കാസർഗോഡ്), പി.ആർ. സ്മിത (കണ്ണൂർ), ജോസ് തോമസ് (വയനാട്), എസ്.കെ. ജെയ്സി (കോഴിക്കോട്), എം.പി. വത്സരാജ് (മലപ്പുറം), ബിന്ദു കെ. (പാലക്കാട്), പി. അജിത (തൃശൂർ), എസ്. മഞ്ജു (എറണാകുളം), പി. എം. റഫീഖ് (ഇടുക്കി) സന്തോഷ് കുമാർ ജി. (കോട്ടയം) എഫ്. റഷീദ കുഞ്ഞ് (ആലപ്പുഴ), ബി. സജീഷ് (പത്തനംതിട്ട), ആർ. രമ്യ മോഹൻ (കൊല്ലം), ടി.വി. ഹരിലാൽ (തിരുവനന്തപുരം നോർത്ത്), എം. ജെ. ഷീജ (തിരുവനന്തപുരം സൗത്ത്). ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ ചർച്ചയ്ക്ക് മറുപടി പറഞ്ഞു. വൈകിട്ട് 3.30-ന് 15000 ത്തിലധികം ജീവനക്കാർ പങ്കെടുക്കുന്ന പ്രകടനം നടന്നു. ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച പ്രകടനം സി എച്ച് മേൽപ്പാലം വഴി പൊതുസമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിൽ സമാപിച്ചു. പൊതുസമ്മേളനം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശ്രീ പി.സന്തോഷ് കുമാർ എം.പി, മന്ത്രിമാരായ ശ്രീ എ.കെ ശശീന്ദ്രൻ, ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി, ശ്രീ പി.എ മുഹമ്മദ് റിയാസ്, ശ്രീ കെ.പി മോഹനൻ എം.എൽ.എ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രശസ്‌ത ഗസൽ ഗായകൻ അലോഷി യുടെ ഗസൽ സന്ധ്യയും നടന്നു. 15 ജില്ലാ കമ്മറ്റികളിൽ നിന്നായി 933 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
23ന് രാവിലെ പ്രതിനിധി സമ്മേളനം ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർക്കായസ്ത ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോർപ്പറേഷൻ മേയറും സ്വാഗതസംഘം ചെയർമാനും കൂടിയായ ബീന ഫിലിപ്പ് സ്വാഗതം പറയുന്ന ഈ ചടങ്ങിൽ അഭിവാദ്യം ചെയ്തുകൊണ്ട് എ ഐ എസ് ജി ഇ എഫ് ജനറൽ സെക്രട്ടറി എ ശ്രീകുമാർ, എഫ്.എസ്.ഇ.ടി.ഒ പ്രസിഡൻറ് കെ ബദറുന്നീസ കോൺഫഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻറ് എംപ്ലോയീസ് ആൻ്റ് വർക്കേഴ്സ് ജനറൽ സെക്രട്ടറി ശ്രീ വി ശ്രീകുമാർ എന്നിവർ സംസാരിക്കും
‘ഫെഡറലിസം തകർത്ത് കേന്ദ്രസർക്കാർ, പ്രതിരോധം തീർത്ത് കേരളം’ എന്ന വിഷയത്തിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പ്രഭാഷണം നടത്തും തുടർന്ന് നടക്കുന്ന ‘നവകേരളവും സിവിൽ സർവീസിൻ്റെ നവീകരണവും’ എന്ന സെമിനാർ വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഐ കെ എം ചീഫ് മിഷൻ ഡയറക്ടർ ഡോക്ടർ സന്തോഷ് ബാബു, ഐ എ എസ് (റിട്ടയേർഡ്), മുൻ എംഎൽഎ അഡ്വക്കേറ്റ് ജെയിംസ് മാത്യു എന്നിവർ സംസാരിക്കും. കലാപരിപാടികളോടെയാണ് ഇന്നത്തെ പരിപാടികൾ അവസാനിക്കുന്നത്. 24ന് സി ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ‘സുഹൃത് സമ്മേളനത്തിൽ’ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ അഭിവാദ്യം ചെയ്തു സംസാരിക്കും

Leave a Reply

Your email address will not be published. Required fields are marked *