‘മനുഷ്യാ… ഞങ്ങൾക്കുമില്ലേ സ്വപ്നങ്ങൾ?’ -ഗസ്സയും പ്രകൃതിയും വിഷയമാക്കി നസയുടെ മോണോആക്ട്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് വിദ്യാർഥിനി നസ, മോണോ ആക്ട് രചച്ച റസിയ ടീച്ചർക്കൊപ്പം
തൃശൂർ: കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ കൊടുംക്രൂരതയും വികസനത്തിന്റെ പേരിൽ മരങ്ങൾ മുറിച്ച് മാറ്റുമ്പോൾ കൂടും കുഞ്ഞുങ്ങളും നഷ്ടപ്പെടുന്ന പക്ഷികളുടെ വേദനയും പ്രമേയമാക്കി നസക്ക് എ ഗ്രേഡ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസിലെ പത്താം തരം വിദ്യാർഥിനി നസയാണ് അറബി മോണോ ആക്ടിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയത്.
സ്കൂളിലെ റിട്ട. അറബിക് അധ്യാപികയായ റസിയയാണ് മോണോ ആക്ട് രചിച്ചത്. വികസനം മനുഷ്യ ജന്തുജാലങ്ങളുടെയും പ്രകൃതിയുടെയും നന്മക്കായിരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് പ്രമേയം. ടീച്ചർ തന്നെ രചന നിർവഹിച്ച നാടകത്തിലും മത്സരിക്കാനിരിക്കുന്ന നസ ജില്ലയിലെ മികച്ച നടി കൂടിയാണ്. കെ.എസ്.ഇ.ബി സബ് എഞ്ചിനീയറായ മഠത്തിങ്ങൽ അമീന്റെയും അധ്യാപിക മുനവ്വിറയുടെയും മകളാണ് ഈ മിടുക്കി.
