വൃക്കയും കരളും വിൽക്കാനുണ്ട്; വാടകവീടിനുമുന്നിൽ ബോർഡ് വെച്ച് ദമ്പതികൾ
വൃക്കയും കരളും വിൽക്കാനൊരുങ്ങി ദമ്പതികൾ. വീടിന് മുന്നിൽ വൃക്കയും കരളും വിൽക്കാനുണ്ടെന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നിൽ ബോർഡ് വെച്ചത്. അമ്മയുടെ പേരിൽ വർഷങ്ങൾക്ക് മുമ്പ് എഴുതികൊടുത്ത കടമുറി സഹോദരനിൽ നിന്ന് വിട്ടുകിട്ടണമെന്നാണ് ആവശ്യം.
കരിമഠം കോളനി പുത്തൻ റോഡിലെ വീടിന് മുന്നിലാണ് ബോർഡ് വെച്ചിരിക്കുന്നത്. ഉപജീവനമായിരുന്ന കടമുറിയെ ചൊല്ലി സഹോദരനുമായി തർക്കമായതോടെയാണ് ജീവിതം വഴിമുട്ടിയത്. ആരോഗ്യപ്രശ്നങ്ങളാൽ ഭാരമുള്ള ജോലികൾ ചെയ്യാൻ കഴിയുന്നില്ലെന്നാണ് സന്തോഷ് കുമാർ പറയുന്നത്.
കടമുറി വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ സമീപിച്ചിട്ടും കാര്യമുണ്ടായില്ല. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കോടതിയിൽ കേസ് ഫയൽ ചെയ്യാനായില്ല. എന്നാൽ അമ്മ മരിച്ചതോടെ ഏഴ് മക്കൾക്കും അവകാശമുള്ള കടമുറി എങ്ങനെ വിട്ടുകൊടുക്കുമെന്ന് സന്തോഷ് കുമാറിന്റെ സഹോദരൻ മണക്കാട് ചന്ദ്രൻകുട്ടി ചോദിക്കുന്നു. ഇത് വിട്ടുകിക്കാത്തതിലുള്ള പ്രതിഷേധത്തിലാണ് സന്തോഷും ഭാര്യയും ബോർഡ് സ്ഥാപിച്ചത്.