കിഴിശ്ശേരിയിലെ ആള്‍ക്കൂട്ട കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു
കൊണ്ടോട്ടി: കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചി (36) കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മഞ്ചേരി എസ്.സി, എസ്.ടി സ്പെഷല്‍ കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം നടന്ന് 84ാം ദിവസം കുറ്റപത്രം സമര്‍പ്പിക്കാനായത് നേട്ടമായി. ഒമ്പതുപേരാണ് പ്രതികള്‍. 123 സാക്ഷികളുണ്ട്.
500ഓളം പേജുള്ള കുറ്റപത്രമാണ് കൈമാറിയതെന്ന് കൊണ്ടോട്ടി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന് അറിയിച്ചു. മേയ് 13ന് അര്‍ധരാത്രിയാണ് അതിഥി തൊഴിലാളിയായ ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പൂര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി, കിഴിശ്ശേരിക്ക് സമീപം തവനൂര്‍ റോഡില്‍ ഒന്നാം മൈലില്‍ ആള്‍ക്കൂട്ട ആക്രമണത്തെതുടര്‍ന്ന് മരിച്ചത്. തവനൂര്‍ വരുവള്ളി പിലാക്കല്‍ മുഹമ്മദ് അഫ്സല് (34), സഹോദരങ്ങളായ ഫാസില്‍ (37), ഷറഫുദ്ദീന് (43), തവനൂര്‍ ദേവര്‍ത്തൊടി മെഹബൂബ് (32), തേര്‍ത്തൊടി അബ്ദുസമദ് (34), പേങ്ങാട്ടില്‍ നാസര്‍ (41), ചെവിട്ടാണിപ്പറമ്പ് വീട്ടില്‍ ഹബീബ് (36), കടുങ്ങല്ലൂര്‍ ചെമ്രക്കാട്ടൂര്‍ പാലത്തിങ്ങല്‍ അയ്യൂബ് (40), വനൂര്‍ പാട്ടുകാരന് സൈനുല്‍ ആബിദ് (29) എന്നിവരാണ് പ്രതികള്‍.
ഒന്നാം മൈലില്‍ മുഹമ്മദ് അഫ്സലിന്റെ വീടിന് സമീപത്ത് കണ്ട രാജേഷ് മാഞ്ചിയെ കള്ളനെന്ന് പറഞ്ഞ് ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.