ഒന്നര മണിക്കൂറിന് ശേഷം കൊച്ചി മെട്രോ സർവീസ് സാധാരണഗതിയിൽ



കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി മെട്രോ സർവീസ് ഭാഗികമായി തടസ്സപ്പെട്ടു. ഒന്നര മണിക്കൂറോളമാണ് സർവീസ് തടസ്സപ്പെട്ടത്. 9.15ഓടെ തകരാർ പരിഹരിച്ച് സർവീസ് സാധാരണഗതിയിലായതായി അധികൃതർ വ്യക്തമാക്കി. കലൂരിൽ വെച്ച് ട്രെയിനിന് പ്രശ്നം ഉണ്ടായതിനെ തുടർന്നാണ് മെട്രോ സർവീസിൽ തടസം നേരിട്ടത്.

പ്രശ്നം നേരിട്ട ട്രെയിനിനെ മറ്റൊരു ട്രെയിനുമായി ബന്ധിപ്പിച്ച് മുട്ടം യാർഡിലേക്ക് മാറ്റി. ആലുവ ഭാഗത്തേക്കുള്ള ട്രെയിനുകൾക്കാണ് തടസ്സം നേരിട്ടത്. എട്ട് മണിക്കാണ് എം.ജി റോഡ് മെട്രോ സ്റ്റേഷനും കലൂർ മെട്രോ സ്റ്റേഷനും ഇടയിൽ വെച്ച് ട്രെയിനിന് സാങ്കേതിക തടസമുണ്ടായത്.

തൃപ്പൂണിത്തുറയിൽ നിന്ന് ആലുവക്ക് പോകുന്ന ട്രെയിനിൽ എം.ജി റോഡ് സ്റ്റേഷന്‍ എത്തുന്നതിനു തൊട്ടുമുമ്പാണ് തകരാർ കണ്ടെത്തി. തുടർന്ന് ട്രെയിൻ എം.ജി റോഡ് സ്റ്റേഷനിലെത്തിച്ച് യാത്രക്കാരെ ഇറക്കി. രാവിലെ സർവീസ് തടസ്സപ്പെട്ടത് മെട്രോയെ ആശ്രയിക്കുന്ന വിദ്യാർഥികളെയും ജോലിസ്ഥലത്തേക്ക് പോയവരെയും അടക്കം നിരവധി പേരെ പ്രതിസന്ധിയിലാക്കിയിരുന്നു.