കാടിളക്കി നായാട്ട് സംഘടിപ്പിച്ച് കൊടിയത്തൂർ പഞ്ചായത്ത്
കൊടിയത്തൂർ: കാർഷിക മേഖലയായ കൊടിയത്തൂർ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കാടിളക്കി നായാട്ട് സംഘടിപ്പിച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് എം പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 2,3,15 വാർഡുകളിൽപെട്ട തടായിക്കുന്ന്, തെനേങ്ങപറമ്പ്, വാളേപ്പാറ, കണ്ണാം പറമ്പ് എന്നിവിടങ്ങളിൽ
നായാട്ട് നടത്തിയത്. പത്ത് ഷൂട്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ നായാട്ടിൽ 3 കാട്ടു പന്നികളെ വെടിവെച്ചുകൊന്നു. ആറ് നായാട്ട് നായ്ക്കളുടെ നേതൃത്വത്തിൽ
നായ്ക്കളെ കാട്ടിലേക്ക് കയറൂരി വിട്ട് നായാട്ട് വിളിച്ചതോടെയാണ് നായാട്ടിന് തുടക്കമായത് .
ഈ സമയം തോക്കുമായി ഷൂട്ടർമാർ പന്നികൾ ഓടി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ നിന്ന് പന്നികളെ വെടിവെച്ച് കൊല്ലുകയായിരുന്നു. നായാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
ആയിഷ ചേലപ്പുറത്ത്, ബാബു പോലുകുന്നത്, ഫാത്തിമ നാസർ, വി. ഷംലൂലത്ത്, മജീദ് രിഹ്ല, കരീം പഴങ്കൽ, തുടങ്ങിയവർ സംബന്ധിച്ചു.
മാസങ്ങളായി പ്രദേശത്ത് കാട്ടുപന്നിശല്യം മൂലമുള്ള വിളനാശം ശമിപ്പിക്കുന്നതിന് സർക്കാറിന്റെ പുതിയ ഉത്തരവുകൾ പ്രകാരം ഗ്രാമപഞ്ചായത്തുകൾക്ക് സിദ്ധിച്ച പ്രത്യേക അധികാരം വിനിയോഗിച്ചു കൊണ്ടാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്തിൽ നായാട്ട് സംഘടിപ്പിച്ചത്. വെടിവെച്ച് കൊന്ന പന്നികളെ ശാസ്ത്രീയമായി സംസകരിച്ചു. മുമ്പ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നാൽ ഫോറസ്റ്റർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ 2 പൊതുജനങ്ങളുടെ സാന്നിദ്ധ്യത്തിൽ മഹസ്സർ തയ്യാറാക്കേണ്ടിയിരുന്നു.
വരും ദിവസങ്ങളിലും കാട്ടുപന്നികളെ കൃഷിയിടത്തിൽ തെരച്ചിൽ നടത്തി വെടിവെക്കാൻ അനുമതി നൽകും.