ഫൈനലിൽ കൺനിറയെ കോഹ്‌ലി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ 175-6

Kohli

ബാർബഡോസ്: പവർപ്ലെയിൽ നേരിട്ട ബാറ്റിങ് തകർച്ചയിൽ നിന്ന് കരകയറി ടീം ഇന്ത്യ. ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്ക് 177 റൺസ് വിജയലക്ഷ്യം. ടൂർണമെന്റിൽ ആദ്യമായി ഫോമിലേക്കുയർന്ന വിരാട് കോഹ്‌ലി 59 പന്തിൽ 76 റൺസുമായി ടോപ് സ്‌കോററായി. അക്‌സർ പട്ടേൽ 31 പന്തിൽ 47 റൺസുമായി മികച്ച പിന്തുണ നൽകി. ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജും നോർക്യെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.Kohli

ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. കഴിഞ്ഞ മത്സരങ്ങളിൽ വെടിക്കെട്ട് പ്രകടനം നടത്തിയ രോഹിത് ശർമ(9) വേഗത്തിൽ മടങ്ങി. കേശവ് മഹാരാജിന്റെ ഓവറിൽ ഹെന്റിച് ക്ലാസന്റെ കൈയിൽ അവസാനിക്കുകയായിരുന്നു. തൊട്ടു പിന്നാലെ ഋഷഭ് പന്ത് അനാവാശ്യ ഷോട്ടിന് ശ്രമിച്ച് കേശവ് മഹാരാജിന്റെ ഓവറിൽ പൂജ്യത്തിന് മടങ്ങി. മൂന്ന് റൺസുമായി സൂര്യകുമാർ യാദവും പുറത്തായതോടെ പവർപ്ലെയിൽ ഇന്ത്യ 45-3 എന്ന നിലയിൽ വൻ തകർച്ച നേരിട്ടു. റബാഡയെ കൂറ്റനടിച്ച് ശ്രമിച്ചാണ് സൂര്യ മടങ്ങിയത്. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്ലി-അക്‌സർ പട്ടേൽ കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷയേകി.

മികച്ച കളി പുറത്തെടുത്ത അക്‌സർ 31 പന്തിൽ നാല് സിക്‌സറും ഒരു ബൗണ്ടറിയും സഹിതം 47 റൺസെടുത്തു. ക്വിന്റൺ ഡി കോക്കിന്റെ ത്രോയിൽ റണ്ണൗട്ടാകുകയായിരുന്നു. എന്നാൽ ഒരറ്റത്ത് ചുവടുറപ്പിച്ച വിരാട് മോശം പന്തുകൾ മാത്രം നേരിട്ട് സ്‌കോറിംഗ് ഉയർത്തി. എന്നാൽ ഡെത്ത് ഓവറുകളിൽ വിശ്വരൂപം പുറത്തെടുത്ത കോഹ്ലി ഇന്നിങ്‌സ് വേഗമുയർത്തി. രണ്ട് സിക്‌സറും ആറു ബൗണ്ടറിയുമായി ലോകകപ്പിലെ ആദ്യ അർധ സെഞ്ച്വറിയും കുറിച്ചു. കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായി പഴികേട്ട ശിവം ദുബെ 16 പന്തിൽ 27 റൺസുമായി മികച്ച ഇന്നിങ്‌സ് കളിച്ചു. മൂന്ന് ഫോറും ഒരു സിക്‌സറും പായിച്ച ദുബെ ആൻ റിച് നോർക്യെ എറിഞ്ഞ അവസാന ഓവറിൽ മഹാരാജിന് ക്യാച്ച് നൽകി മടങ്ങി. മാർകോ ജാൻസൻ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 15 റൺസ് നേടികൊണ്ടാണ് ഇന്ത്യ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *