ഐപിഎൽ കിരീടമല്ല; കരിയറിലെ അടുത്ത വലിയ ലക്ഷ്യം തുറന്നുപറഞ്ഞ് കോഹ്ലി
ന്യൂഡൽഹി: അടുത്ത ഏകദിന ലോകകപ്പ് വരെ കളിക്കളത്തിലുണ്ടാകുമെന്ന് സൂചന നൽകി ഇന്ത്യൻ താരം വിരാട് കോഹ്ലി. ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വിരമിക്കൽ അഭ്യൂഹങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരുന്നെങ്കിലും കോഹ്ലി മനസ് തുറന്നിരുന്നില്ല. എന്നാൽ അടുത്തിടെ മുംബൈയിൽ നടന്ന പൊതു ചടങ്ങിലാണ് 36കാരൻ തന്റെ ഭാവി വ്യക്തമാക്കിയത്.Kohli
അടുത്ത വലിയ ചുവട്വെപ്പ് എന്തായിരിക്കും എന്ന ചോദ്യത്തിനാണ് സീനിയർ താരം മറുപടി നൽകിയത്. അടുത്ത വലിയ നേട്ടത്തെക്കുറിച്ച് എനിക്കറിയില്ലെന്നും ഒരുപക്ഷേ 2027 ഏകദിന ലോകകപ്പ് നേടാനായി ശ്രമിക്കുന്നതാവും തന്റെ അടുത്ത വലിയ ആഗ്രഹമെന്നും കോഹ്ലി വ്യക്തമാക്കി. ദക്ഷിണാഫ്രിക്ക, സിംബാബ്വെ,നമീബിയ എന്നിവടങ്ങളിയായാണ് അടുത്ത വിശ്വകപ്പ് അരങ്ങേറുക. അടുത്ത ലോകകപ്പ് വരെ ഏകദിന-ടെസ്റ്റ് ടീമിൽ തുടരുമെന്ന സൂചനയും സീനിയർ താരം നൽകി.
2011ൽ എം എസ് ധോണിയുടെ നേതൃത്വത്തിൽ ഏകദിന ലോകകപ്പ് നേടിയ ടീമിൽ വിരാട് കോഹ്ലിയും അംഗമായിരുന്നു. എന്നാൽ 2015ൽ ധോണിക്ക് കീഴിൽ കളിച്ചപ്പോഴും 2019ൽ കോഹ്ലി നായകനായപ്പോഴും ഇന്ത്യ സെമി ഫൈനലിൽ പരാജയപ്പെട്ടു. 2023ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ ആസ്ത്രേലിയയോടും തോറ്റു. നിലവിൽ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനായി കളിക്കുന്ന താരം മികച്ച ഫോമിലാണ്. ബെംഗളൂരുവിനൊപ്പം പ്രഥമ ഐപിഎൽ കിരീടമാണ് കോഹ്ലി ലക്ഷ്യമിടുന്നത്.