കൊണ്ടോട്ടി നഗരസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്; യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

കൊണ്ടോട്ടി: നഗരസഭ ഉപാധ്യക്ഷയെ തെരഞ്ഞെടുത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി നഗരസഭ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഉടലെടുത്ത ഭിന്നതയുടെ തുടര്‍ച്ചയായി കൂട്ട രാജി. യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ പ്രസിഡന്റായിരുന്ന സി.കെ. ജിഹാദാണ് ആദ്യം സ്ഥാനം രാജിവെച്ചത്. ഇതിനു പിറകെ മൂന്ന് ജനറല്‍ സെക്രട്ടറിമാരും രാജി സമര്‍പ്പിച്ചു. അബുലസിന്‍ കൊട്ടുക്കര, ശിഹാബ് നീറാട്, വിനോദ്കുമാര്‍ വെള്ളാട്ടുപുറായി എന്നിവരാണ് സംഘടന ജില്ല നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയിരിക്കുന്നത്.

പ്രസിഡന്റിന്റെ രാജി യൂത്ത് കോണ്‍ഗ്രസ് ജില്ല നേതൃത്വം സ്വീകരിക്കുകയും പകരം പുതിയ പ്രസിഡന്റിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. നെടിയിരുപ്പ് വാര്‍ഡില്‍നിന്ന് വിജയിച്ച ആയിഷ ബിന്ദുവിനെയാണ് കോണ്‍ഗ്രസ് നേതൃത്വം കൊണ്ടോട്ടി നഗരസഭ ഉപാധ്യക്ഷ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇവര്‍ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ് യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ലെന്നാരോപിച്ചാണ് ഇപ്പോള്‍ ഭാരവാഹികള്‍ രാജിവെച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് പാരമ്പര്യമുള്ളവരും പാര്‍ട്ടി നയങ്ങള്‍ക്കൊപ്പം നിലപാടെടുക്കുന്നവരുമായ അംഗങ്ങളെ നഗരസഭ ഉപാധ്യക്ഷയാക്കണമെന്നായിരുന്നു ഇപ്പോള്‍ രാജിവെച്ച പ്രസിഡന്റ് സി.കെ. ജിഹാദിന്റെ നേതൃത്വത്തിലുള്ളവര്‍ കോണ്‍ഗ്രസ് മുനിസിപ്പല്‍ ഘടകത്തോടും ജില്ല ഘടകത്തോടും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പരിചയ സമ്പന്നരായ വനിത അംഗങ്ങളുണ്ടായിട്ടും പുതുമുഖമായ ആയിഷ ബിന്ദുവിനെ ഉപാധ്യക്ഷയായി തെരഞ്ഞെടുത്തതാണ് ഇവരെ ചൊടിപ്പിച്ചത്.

വ്യക്തിപരമായ കാരണങ്ങളല്ല എതിര്‍പ്പിനു കാരണമെന്നും ചില മുതിര്‍ന്ന നേതാക്കളുടെ സ്ഥാപിത താൽപര്യങ്ങള്‍ മാത്രം നടപ്പാക്കുന്നത് പാര്‍ട്ടിയെ ശിഥിലമാക്കുമെന്നുമാണ് ഈ പക്ഷത്തിന്റെ വാദം. കൂടുതല്‍ ഭാരവാഹികള്‍ യൂത്ത് കോണ്‍ഗ്രസില്‍നിന്ന് രാജിവെക്കുമെന്നും വിവരമുണ്ട്. കഴിഞ്ഞ നഗരസഭ ഭരണ സമിതിയില്‍ ആദ്യ ഘട്ടത്തില്‍ ഉപാധ്യക്ഷനായിരുന്ന സനൂപ് മാസ്റ്ററെയാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് കൊണ്ടോട്ടി നഗരസഭ കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ അദ്ദേഹം സ്ഥാനമേറ്റെടുത്തിട്ടില്ല. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തി വരികയാണെന്നും കോണ്‍ഗ്രസ് നേതൃത്വവും ഇടപെട്ടുള്ള സമവായ ശ്രമങ്ങളാണ് നടക്കുന്നതെന്നും സനൂപ് മാസ്റ്റര്‍ പറഞ്ഞു.