കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താൻ സർചാർജ്; വൈദ്യുതി നിരക്ക് കൂട്ടാൻ റഗുലേറ്ററി കമീഷൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ താരിഫ് നയം വൈദ്യുതി റഗുലേറ്ററി കമീഷൻ വിജ്ഞാപനം ചെയ്തു. ഏപ്രിൽ 1 മുതൽ വൈദ്യുതി നിരക്കിലും സർചാർജുകളിലും വർധന. കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടമായ 5000 കോടിയോളം രൂപ നാലു വർഷം കൊണ്ട് സർചാർജ് ഇനത്തിൽ ഈടാക്കുന്ന തരത്തിലാണ് പുതിയ നയം. ഇതിനായി ഇന്ധനസർചാർജും വർധിക്കും. ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കും.

വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയത്തിൽ മാറ്റം വരും. ഇനി മുതൽ വൈകിട്ട് ആറു മുതൽ രാത്രി 11.30 വരെയുള്ള സമയമായിരിക്കും പീക്ക് സമയമായി കണക്കാക്കുക. ഈ സമയങ്ങളിലെ ഉയർന്ന ഉപഭോഗത്തിന് നിരക്കിൽ മാറ്റങ്ങൾ വന്നേക്കാം. നിലവിൽ വൈകിട്ട് ആറുമുതൽ രാത്രി പത്തുവരെയായിരുന്നു പീക്ക് സമയം. അതേസമയം, രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെയും രാത്രി 11.30 മുതൽ രാവിലെ എട്ടുവരെയും കുറഞ്ഞ നിരക്ക് ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. വൈദ്യുതി വിതരണച്ചെലവിന് അനുസരിച്ചായിരിക്കണം നിരക്ക് നിശ്ചയിക്കേണ്ടതെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നും നയം വ്യക്തമാക്കുന്നു.

2027-28 മുതൽ 2031-32 വരെയുള്ള വൈദ്യുതി നിരക്ക് ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുക. ദീർഘകാല വൈദ്യുതിക്കരാറുകളിലെ അധികബാധ്യത ഈടാക്കാനാണ് നിലവിൽ മാസംതോറും ഇന്ധന സർചാർജ് ചുമത്തുന്നത്. എന്നാൽ, പുതിയ നയപ്രകാരം ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകളിലെ അധിക ചെലവും ഉപഭോക്താക്കളിൽനിന്ന് ഈടാക്കും. ഇതിന് കമീഷന്റെ മുൻകൂർ അംഗീകാരം ആവശ്യമില്ല. എന്നാൽ, ശരാശരി വൈദ്യുതി വിലയുടെ നാലുശതമാനത്തിൽ കൂടുതൽ ഇന്ധന സർചാർജായി നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും. ക്രോസ് സബ്‌സിഡി ചുരുക്കാനുള്ള നീക്കവും ഗാർഹിക ഉപയോക്താക്കൾക്കു തിരിച്ചടിയാകും.