ലൈനിൽ മുട്ടിയെന്ന പേരിൽ കർഷകന്‍റെ 460 വാഴകൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചു

കൊച്ചി: വാഴയില ലൈനിൽ മുട്ടിയെന്ന പേരിൽ കർഷകന്‍റെ 460 വാഴകൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചു. എറണാകുളം വാരപ്പെട്ടിയിലെ തോമസിന്‍റെ വാഴകളാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചത്. ഇതോടെ ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ തോമസിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒരു വാഴയുടെ ഇല ലൈനിൽമുട്ടി കത്തിനശിച്ചിരുന്നു. ഇതോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്. സംഭവത്തിൽ വൈദ്യുതി മന്ത്രി അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സംഭവം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കർഷകന്‍റെ വിയർപ്പിന് വില നൽകാതെ വിള വെട്ടി നശിപ്പിച്ചത് ക്രൂരതയാണ്. ഹൈടെൻഷർ ലൈനിന് കീഴിൽ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ചെറുതായി കാണുന്നില്ല. വൈദ്യുതാഘാതം മൂലം ഒരു ജീവൻ നഷ്ടപ്പെടാനോ മറ്റെന്തെങ്കിലും അപായമുണ്ടാകാനോ പാടില്ല എന്നതിലും രണ്ടഭിപ്രായമില്ല. എന്നാൽ, ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാൻ പാടില്ലായെങ്കിൽ നേരത്തേതന്നെ കെ.എസ്.ഇ.ബി ഇടപെടണമായിരുന്നു. വാഴ കുലച്ച് കുലകൾ വിൽക്കാറായ സമയത്ത് നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

ഓണ വിപണിയിലേക്കുള്ള 460 വാഴക്കുലകളാണ് മുന്നറിയിപ്പില്ലാതെ നശിപ്പിച്ചത്. വാഴക്കൈകൾ വെട്ടി അപകട സാധ്യത ഒഴിവാക്കലായിരുന്നു വേണ്ടത്. ഇത്തരം ദുരനുഭവങ്ങൾ കർഷകർക്ക് ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് പി. പ്രസാദ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *