കെ.എസ്.ആർ.ടി.സി ബസിടിച്ച് 15കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശി അശോകന്റെ മകൾ അന്നപൂർണേന്ദു (15) ആണ് മരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരത്താണ് ദാരുണമായ അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന അച്ഛൻ അശോകന് നിസ്സാര പരിക്കേറ്റു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

ധനുവച്ചപുരത്തുനിന്ന് അമരവിള ഭാഗത്തേക്ക് അച്ഛനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്നു അന്നപൂർണേന്ദു. ഇതിനിടെ പിന്നിലൂടെ എത്തിയ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പെൺകുട്ടി ബസിനടിയിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അന്നപൂർണേന്ദു അപകടസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിനുപിന്നാലെ ബസിൽനിന്നിറങ്ങിയ ഡ്രൈവർ ഓടിരക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.