കുട്ട-മലപ്പുറം ഇടനാഴി വരുന്നു; ബന്ദിപൂര്‍ വഴി അടയ്ക്കുമോ? കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം
പുതിയ സാമ്പത്തിക ഇടനാഴിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ബന്ദിപൂര്‍ പാത പൂര്‍ണമായി അടച്ചേക്കും. കര്‍ണാടകയിലെ കുട്ട വഴി മലപ്പുറത്തെ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുക എന്നാണ് വിവരം. ഈ പാതയ്ക്ക് അംഗീകാരം ലഭിക്കുകയാണെങ്കില്‍ ബന്ദിപൂര്‍ പാത പൂര്‍ണമായി അടയ്ക്കുന്ന സാഹചര്യം വരും.
ബന്ദിപൂര്‍ വഴി രാത്രി യാത്ര അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സംരക്ഷണം കൂടി പരിഗണിച്ച് പുതിയ കുട്ട മലപ്പുറം പാത പരിഗണിക്കുന്നത്. 7000 കോടി ചെലവ് വരുന്ന പാതയാണിത്. കര്‍ണാടക സര്‍ക്കാര്‍ ഇതുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേരളം നിലപാട് വ്യക്തമാക്കിയിട്ടില്ല. പരിശോധിച്ച ശേഷം പ്രതികരിക്കാരമെന്നാണ് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞത്.
ബന്ദിപൂര്‍ കടുവ സങ്കേതത്തിലൂടെയുള്ള രാത്രി യാത്രാ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നാല് വര്‍ഷം മുമ്പാണ് കേസ് അവസാനമായി പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാരിനോട് വിഷയത്തില്‍ പ്രതികരണം തേടിയിരുന്നു എങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്താഴ്ച കേസ് വീണ്ടും പരിഗണിക്കുകയാണ്. ഈ വേളയില്‍ കുട്ട മലപ്പുറം ബദല്‍ പാത സംബന്ധിച്ച് കേന്ദ്രം കോടതിയെ അറിയിച്ചേക്കുമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് പ്രധാനമാണ്. കേരളത്തിന്റെ നിലപാടും അറിയേണ്ടതുണ്ട്. ഏറെ കാലമായി അന്തരീക്ഷത്തിലുള്ള പാതയാണ് കുട്ട മലപ്പുറം റൂട്ട്. ബന്ദിപൂര്‍ പൂര്‍ണമായും അടയ്ക്കുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുമുണ്ട്. പുതിയ കുട്ട-മലപ്പുറം പാത സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ വിശദീകരിക്കാം…
മൈസൂരില്‍ നിന്ന് ആരംഭിച്ച് ഗോണികുപ്പ, കുട്ട, മാനന്തവാടി വഴി മലപ്പുറവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട പാത. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മൂന്ന് വര്‍ഷം മുമ്പ് വയനാട് ജില്ലാ കളക്ടറുമായി ദേശീയ പാത അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ തുടര്‍നടപടികളുണ്ടായില്ല.
നേരത്തെ പരിഗണിച്ചിരുന്നത് നിലമ്പൂര്‍ കൂടി ഉള്‍പ്പെടുന്ന പാതയായിരുന്നു. എന്നാല്‍ പിന്നീട് പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഗണിച്ച് എന്‍എച്ച് അതോറിറ്റി അലൈന്‍മെന്റ് പുനഃക്രമീകരിച്ചു. മൈസൂര്‍-കുട്ട-മാനന്തവാടി-കല്‍പ്പറ്റ-അടിവാരം-എടവണ്ണപ്പാറ-വള്ളുവമ്പ്രം വഴി മലപ്പുറമെത്തുന്ന പാതയാണ് ഏറ്റവും ഒടുവില്‍ പറഞ്ഞുകേട്ടത്. ഈ അലൈന്‍മെന്റിലും മാറ്റം വന്നേക്കാം.
ബന്ദിപൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധന കേസ് അടുത്താഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. ബദല്‍ മാര്‍ഗം കോടതി നാല് വര്‍ഷം മുമ്പ് തേടിയിരുന്നു. അന്ന് ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ഈ രണ്ട് ജഡ്ജിമാരും വിരമിച്ചു. 109 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബദല്‍ പാത സംബന്ധിച്ച് കേന്ദ്രം കോടതിയെ ബോധിപ്പിച്ചേക്കും. ഇതിന് വേണ്ടി പണം നീക്കിവച്ചകാര്യവുംഅറിയിച്ചേക്കും.