സംവരണ അട്ടിമറി പുറത്ത് വരാതിരിക്കാൻ പ്രാതിനിധ്യ റിപ്പോർട്ട് പൂഴ്ത്തി ലാൻഡ് റവന്യൂ വകുപ്പ്
വയനാട് :സംവരണ അട്ടിമറി പുറത്തു വരാതിരിക്കാൻ പ്രാതിനിധ്യ റിപ്പോർട്ട് തന്നെ പൂഴ്ത്തി ലാൻഡ് റവന്യൂ വകുപ്പ്. എല്ലാവർഷവും നിർബന്ധമായി പ്രസിദ്ധീകരിക്കേണ്ട പ്രാതിനിധ്യ റിപ്പോർട്ടാണ് കഴിഞ്ഞ അഞ്ച് വർഷമായി പ്രസിദ്ധീകരിക്കാതിരിക്കുന്നത്. 2014 വരെ യഥാർത്ഥ കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്ന പ്രാതിനിധ്യ റിപ്പോർട്ടിൽ നിന്ന് താൽകാലിക തസ്തികകൾ ഒഴിവാക്കിയാണ് പിന്നീട് പ്രസിദ്ധീകരിച്ചത് എന്നായിരുന്നു വകുപ്പിന്റെ വിശദീകരണം. എന്നാൽ, 2020 മുതൽ എന്തുകൊണ്ട് പ്രാതിനിധ്യ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നില്ല എന്ന ചോദ്യത്തിന് വകുപ്പിന് മറുപടിയില്ല.light
ലാൻഡ് റവന്യൂ വകുപ്പിൽ സംവരണ അട്ടിമറി വെളിപ്പെട്ടതോടെയാണ് കഴിഞ്ഞ അഞ്ച് വർഷമായി പ്രാതിനിധ്യ റിപ്പോർട്ട് പ്രസിദ്ധീകരിക്കാതായത്. ഇതോടെ, വകുപ്പിലെ മൊത്തം തസ്തികകളുടെ എണ്ണം, അവയിൽ സംവരണ തസ്തികകൾ എത്ര, താൽകാലിക തസ്തികകളിൽ സംവരണം നടപ്പാവുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കുവാനുള്ള സാധ്യത പൂർണമായി അടഞ്ഞു.
പ്രാതിനിധ്യ റിപ്പോർട്ടിൽ ഗസറ്റഡ് തസ്തികകളുടെ എണ്ണം പൊടുന്നനെ നേർ പകുതിയായി കുറഞ്ഞതെങ്ങനെയെന്ന ചോദ്യത്തിന് താൽകാലിക തസ്തികകൾ ഒഴിവാക്കിയതാണ് കാരണമെന്നായിരുന്നു വകുപ്പിന്റെ മറുപടി. എന്നാൽ 45 ദിവസം കാലാവധിയുള്ള താൽകാലിക നിയമനങ്ങൾക്ക് പോലും സംവരണം അനിവാര്യമാണെന്നാണ് സുപ്രിം കോടതി പലഘട്ടങ്ങളിലായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 2023ൽ ഇത് സംബന്ധിച്ച കേസിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാടും അതു തന്നെയായിരുന്നു. പ്രാതിനിധ്യ പട്ടികയിൽ തസ്തികകളുടെ എണ്ണം വെട്ടിക്കുറച്ച് കാണിക്കുന്നത് സംവരണ അട്ടിമറിക്ക് വേണ്ടി മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് സമീപകാലത്തായി വകുപ്പ് കൈക്കൊള്ളുന്ന അസ്വാഭാവിക നടപടികൾ. ഇതിനിടെയാണ് കഴിഞ്ഞ അഞ്ചുവർഷമായി പ്രാതിനിധ്യ റിപ്പോർട്ട് പ്രസിദ്ധീകരിക്കാതായത്.