വീണ്ടും മണ്ണിടിച്ചിൽ: താമരശ്ശേരി ചുരം താൽക്കാലികമായി അടക്കും
കോഴിക്കോട്:താമരശേരി ചുരം വീണ്ടും താത്കാലികമായി അടയ്ക്കും.ശക്തമായ മഴയെ തുടർന്ന് മണ്ണിടിഞ്ഞ ഭാഗത്ത് നിന്ന് കല്ലും മണ്ണും വീണ്ടും ഇടിയുന്ന സാഹചര്യത്തിലാണ് തീരുമാനം.അടിവാരം ഭാഗത്തും വൈത്തിരി ഭാഗത്തും വാഹനങ്ങൾ തടയും. ഇന്നലെ രാത്രിയോടെയാണ് താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.
കഴിഞ്ഞദിവസം രാത്രിയാണ് ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം പാറയും മണ്ണും ഇടിഞ്ഞുവീണത്. റോഡിലേക്ക് ഇടിഞ്ഞു വീണ മണ്ണും പാറയും പൂർണമായി നീക്കിയാണ് ഗതാഗതം ഇന്നലെ രാത്രിയോടെ പുനഃസ്ഥാപിച്ചത്.
ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം ചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചിരുന്നു.