ഉരുൾപൊട്ടൽ: ആറ് വർഷമായിട്ടും 31 ആദിവാസി കുടുംബങ്ങൾക്ക് പുനരധിവാസമായില്ല
മലപ്പുറം: 2018ലുണ്ടായ ഉരുൾപൊട്ടലിൽ എല്ലാം തകർന്ന നിലമ്പൂർ പോത്തുകൽ തണ്ടൻകല്ല് ആദിവാസി ഊരിലുള്ളവരെ ഇതുവരെ പുനരധിവസിപ്പിച്ചില്ല. മുണ്ടേരി ഫാമിലെ ചോർന്ന് ഒലിക്കുന്ന ക്വാട്ടേഴ്സുകളിലാണ് ആറ് വർഷമായി 31 കുടുംബങ്ങൾ താമസിക്കുന്നത്.
മുണ്ടേരിയിലെ കാർഷിക വകുപ്പിൻ്റെ ഫാമിന് മുകളിലുള്ള തണ്ടൻ കല്ലിലാണ് ഇവർ താമസിച്ചിരുന്നത്. തണ്ടൻ കല്ലിൽ ഉണ്ടായിരുന്നവരെ മുൻകൂട്ടി മാറ്റിയതിനാൽ ഉരുൾപൊട്ടലിൽ ആർക്കും ജീവൻ നഷ്ട്ടപെട്ടില്ല . സുരക്ഷിത സ്ഥലത്തേക്ക് മാറുന്നത് വരെ മുണ്ടേരി കാർഷിക ഫാമിൻ്റെ പഴയ ക്വട്ടേഴ്സിൽ തൽക്കാലം താമസിപ്പിച്ചു. ഒരാഴ്ചത്തെ ഈ താമസമാണ് നീണ്ടുപോയി ആറ് വർഷം പിന്നിട്ടത്.
ആദിവാസികളെ താമസിപ്പിച്ച ക്വാട്ടേഴ്സിൽ വൈദ്യുതി പോലും നൽകിയിട്ടില്ല. ചോർന്ന് ഒലിക്കുന്നതിനാൽ വീടുകൾക്ക് മുകളിലൂടെ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ചിരിക്കുകയാണ്. കോൺഗ്രീറ്റ് സീലിങ് അടർന്ന് വീഴുന്നുണ്ട്.
ഉരുൾപെട്ടലുണ്ടായ തണ്ടൻ കല്ലിൽ താമസിക്കുന്നത് സുരക്ഷിതമല്ല. ഭൂരഹിതരും ഭവന രഹിതരുമായ തങ്ങളെ ഉടൻ പുനരധിവസിപ്പിക്കണമെന്നാണ് തണ്ടൻകല്ല് നിവാസികൾക്ക് പറയാനുള്ളത്.