48 ശതമാനം ഹൈന്ദവരുള്ള ഗുരുവായൂരിൽ ഹിന്ദു എം.എൽ.എ ഇല്ലെന്ന് ബി. ഗോപാലകൃഷ്ണൻ; വിദ്വേഷ പരാമർശത്തിൽ എൽ.ഡി.എഫ് പരാതി നൽകും



​ഗുരുവായൂർ:നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ബി. ​ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തി​ൽ പരാതി നൽകാൻ എൽഡിഎഫ്. പ്രസ്താവനകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും നടന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സി.പി.എം ​ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി സി.സുമേഷ് വാർത്തകുറിപ്പിലൂടെ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി.ജെ.പി സ്ഥാനാർഥിയായ ബി. ​ഗോപാലകൃഷ്ണൻ വിദ്വേഷ പരാമർശം നടത്തിയത്. ‘48 ശതമാനം ഹൈന്ദവ ജനസംഖ‍്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എം.എൽ.എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം. അന്തർദേശീയ തീർഥാടന കേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എം.എൽ.എ ഉണ്ടായില്ലെന്നുമാണ് ​ഗോപാലകൃഷ്ണന്റെ ചോദ്യം. മലപ്പുറത്ത് സംവരണ മണ്ഡലങ്ങളിൽ ഒഴികെ മറ്റൊരിടത്തും ഹൈന്ദവ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ കാണാനില്ലെന്നും ​ഗോപാലകൃഷ്ണൻ പറഞ്ഞു.

ഈ വിദ്വേഷപ്രസ്താവനക്കെതിരെയാണ് എൽ.ഡി.എഫ് പരാതി നൽകുന്നത്. ഗുരുവായൂരിന്റെ വികാസത്തിലും ബി.ജെ.പിക്ക് യാതൊരു പങ്കില്ലെന്നും നഗരസഭയും സംസ്ഥാന സർക്കാരുമാണ് എല്ലാ വികസന പദ്ധതികളും നടപ്പാക്കിയിരിക്കുന്നത്. ഗുരുവായൂർ മേൽപ്പാലവും ഗവ: അതിഥി മന്ദിരവും ഉൾപ്പെടെയുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി യാഥാർത്ഥ്യമാക്കിയ വികസന പദ്ധതികളാണ്. ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ പാലിക്കേണ്ട സാമാന്യ മര്യാദകൾ ലംഘിച്ചുകൊണ്ട് നടത്തിയ ബി. ഗോപാലകൃഷ്ണന്റെ പ്രസംഗം ഈ നാട്ടിൽ വിലപ്പോവില്ലെന്നും സി.പി.എം വാർത്താകുറിപ്പിലൂടെ അറിയിച്ചു.