ഖാംനഈയുടെ പിൻഗാമിയായി പരിഗണിക്കപ്പെട്ടിരുന്ന നേതാവ്; ആരാണ് ഇബ്റാഹിം റഈസി?
തെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയായി പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റഈസി. ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ഏറ്റവും വലിയ ശിയാ തീർഥാടന കേന്ദ്രവുമായ മശ്ഹദിൽ 1960ലാണ് റഈസി ജനിച്ചത്. അഞ്ചാം വയസ്സിൽ പിതാവ് മരിച്ച റഈസി 1979ൽ ആയത്തുല്ല റൂഹുല്ലാ ഖാംനഈ നയിച്ച ഇസ്ലാമിക വിപ്ലവത്തിൽ പങ്കാളിയായി. Ibrahim Raizi
15-ാം വയസ്സിൽ വിഖ്യാതമായ ഖും മതകലാലയത്തിൽ പഠിക്കാനെത്തിയ റഈസി അന്നത്തെ പ്രമുഖരായ നിരവധി പണ്ഡിതൻമാരുടെ കീഴിൽ വിദ്യാഭ്യാസം നേടി. 25-ാം വയസ്സിൽ തെഹ്റാൻ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. 1988ൽ രാഷ്ട്രീയത്തടവുകാർക്ക് കൂട്ടത്തോടെ വധശിക്ഷ വിധിച്ച നാല് ജഡ്ജിമാരിൽ ഒരാളായിരുന്നു റഈസി. ഇത് അദ്ദേഹത്തെ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അനഭിമതനാക്കി.
ഇറാന്റെ പ്രഥമ പരമോന്നത നേതാവായ ആയത്തുല്ല റൂഹുല്ല ഖാംനഈയുടെ മരണത്തെ തുടർന്ന് 1989ൽ തെഹ്റാന്റെ പ്രോസിക്യൂട്ടറായി നിയമിതനായി. പിന്നീട് ജുഡീഷ്യറി ഉപമേധാവിയായ അദ്ദേഹം 2014ൽ ഇറാൻ പ്രോസിക്യൂട്ടർ പദവിയിലെത്തി. രണ്ട് വർഷം കഴിഞ്ഞ് രാജ്യത്തെ ഏറ്റവും ശക്തമായ മതസ്ഥാപനമായ ആസ്താനെ ഖുദ്സ് റിസവിയുടെ തലപ്പത്ത് ആയത്തുല്ല ഖാംനഈ അദ്ദേഹത്തെ നിയമിച്ചു.
2017ൽ ആദ്യമായി പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പ്രസിഡന്റ് പദവിയിൽ രണ്ടാമൂഴം തേടിയിറങ്ങിയ ഹസൻ റൂഹാനിയോടാണ് അന്ന് റഈസി പരാജയപ്പെട്ടത്. പാശ്ചാത്യശക്തികളുമായി റൂഹാനി ആണവ പദ്ധതി പരിമിതപ്പെടുത്തുന്ന കരാർ ഒപ്പിട്ടതിന്റെ കടുത്ത വിമർശകനായിരുന്നു റഈസി. 2019ൽ ജൂഡീഷ്യറി മേധാവി പദവിയിലെത്തിയ റഈസി രണ്ട് വർഷത്തിന് ശേഷം 2021 ജൂണിൽ 62 ശതമാനം വോട്ട് നേടി പ്രസിഡന്റായി.
ശക്തമായ മത-രാഷ്ട്രീയ നിലപാടുകളുള്ള വ്യക്തിയായി വിലയിരുത്തപ്പെടുന്ന നേതാവാണ് റഈസി. അദ്ദേഹം അധികാരത്തിലെത്തിയതിന് പിന്നാലെയാണ് യു.എസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള ആണവകരാറിൽനിന്ന് ഏകപക്ഷീയമായി പിൻമാറി ഉപരോധം പ്രഖ്യാപിച്ചത്. ഇത് ഇറാന്റെ സാമ്പത്തികനിലയെ സാരമായി ബാധിച്ചിരുന്നു. പിന്നാലെ കോവിഡ് കൂടി വന്നതോടെ ഇറാന്റെ കാര്യം കൂടുതൽ പരുങ്ങലിലായി. 97,000 ആളുകളാണ് ഇറാനിൽ കോവിഡ് ബാധിച്ചുമരിച്ചത്. ആണവകരാർ ദുർബലപ്പെട്ടതോടെ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് റഈസി പ്രഖ്യാപിച്ചിരുന്നു. ചൈനയുമായി റഷ്യയുമായും ഇറാൻ കൂടുതൽ അടുത്തതും റഈസിയുടെ കാലത്താണ്. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതിന് പകരം പ്രതിരോധമേഖലയിലാണ് കൂടുതൽ ശ്രദ്ധിക്കുന്നതെന്ന വിമർശനവും റഈസിക്കെതിരെ ഉയർന്നിരുന്നു.
ഇറാന്റെ പരമോന്നത നേതാവായിരുന്ന മുൻ ഖാംനഈയുമായും അടുത്ത ബന്ധമുള്ള നേതാവായിരുന്നു റഈസി. നിരവധി ഉന്നത പദവികളിൽ റഈസിയെ നിയമിച്ചത് മുൻ ഖാംനഈ ആയിരുന്നു. എല്ലാ മേഖലയിലുമുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും പട്ടാള മേധാവികളുമായും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന നേതാവ് കൂടിയാണ് റഈസി.
ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ കടുത്ത നിലപാടാണ് റഈസി സ്വീകരിച്ചിരുന്നത്. ഹമാസിനും യമനിലെ ഹൂതികൾക്കും ആയുധങ്ങൾ നൽകുന്നത് ഇറാൻ ആണെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. ഏപ്രിൽ ആദ്യവാരത്തിൽ ദമസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ഉന്നത കമാൻഡർ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. രണ്ടാഴ്ചക്കകം ഇറാൻ ഇസ്രായേലിനെ തിരിച്ചടിച്ചു. ഏപ്രിൽ 15ന് 120 ബാലിസ്റ്റിക് മിസൈലുകളും 170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി സ്ഥിരീകരിച്ചിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു.
റഈസിയുടെ മരണത്തിന് കാരണമായ ഹെലികോപ്ടർ അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടോ എന്ന സംശയം വ്യാപകമായി ഉയരുന്നുണ്ട്. അസർബൈജാനിൽനിന്ന് മടങ്ങിവരുമ്പോഴാണ് റഈസി അപകടത്തിൽപ്പെട്ടത്. ഇസ്രായേലുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ് അസർബൈജാൻ. അതേസമയം അപകടത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്ന് ഇസ്രായേൽ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.