ലീഗിന്റേത് ജമാഅത്തെ ഇസ്‌ലാമിയുടേയും എസ്.ഡി.പി.ഐയുടേയും മുഖമായി മാറുന്നു: മുഖ്യമന്ത്രി
കോഴിക്കോട്: മുസ്‌ലിം ലീഗിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗിന്റേത് ജമാഅത്തെ ഇസ് ലാമിയുടേയും എസ്.ഡി.പി.ഐയുടേയും മുഖമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് ഇതിനെതിരെ ഒന്നും മിണ്ടുന്നില്ല. ലീഗിന്റെ പൊതുസ്വഭാവം നഷ്ടപ്പെടുകയാണ്. അങ്ങനെ നോക്കിയാൽ തെരഞ്ഞെടുപ്പ് വിജയത്തിൽ യു.ഡി.എഫിന് അഹങ്കരിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.CM
പ്രാദേശിക പാർട്ടികൾ ശക്തിപ്പെട്ടതുകൊണ്ടാണ് ഇത്തവണ ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാനൂറിലധികം സീറ്റ് നേടുമെന്ന് പറഞ്ഞാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 400 സീറ്റ് കിട്ടിയാൽ ഇഷ്ടമുള്ള പോലെ ഭരിക്കാം എന്നാണ് കരുതിയത്. രാജ്യത്തെ ജനങ്ങൾ കരുതൽ സ്വീകരിച്ചതുകൊണ്ട് അത് നടന്നില്ല. സംസ്ഥാനങ്ങൾതോറുമുള്ള വ്യത്യസ്തമായ നില ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് സീറ്റുകൾ ലഭിക്കാതിരുന്നതിന്റെ പ്രധാന കാരണം ഉത്തർപ്രദേശ് ആണ്. സമാജ്വാദി പാർട്ടിയാണ് മുഖ്യ പങ്ക് വഹിച്ചത്. അവർക്കൊപ്പമാണ് മറ്റു പാർട്ടികൾ അണിനിരന്നത്. മഹാരാഷ്ട്രയിൽ എൻ.സി.പിയും ശിവസേനയും അടക്കമുള്ള സഖ്യമാണ് ബി.ജെ.പിയെ നേരിട്ടത്. ആ പാർട്ടികളെ പിളർത്താൻ ബി.ജെ.പി ശ്രമിച്ചു. പ്രദേശികമായുള്ള വിവിധ സംസ്ഥാനങ്ങളിലെ യോജിപ്പിനാണ് ബി.ജെ.പിയെ നേരിടാൻ സാധിക്കുക. ബി.ജെ.പിയൂം കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയ സംസ്ഥാനങ്ങളിൽ ബി.ജെ.പിയാണ് നേട്ടമുണ്ടാക്കിയത്. കർണാടകയിലും തെലങ്കാനയിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിച്ചു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കി. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശികകക്ഷികൾ ശക്തിപ്പെട്ടതുകൊണ്ടാണ് ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിഞ്ഞത്. ചെറിയ സീറ്റ് വ്യത്യാസമാണ് ബി.ജെ.പിയുമായുള്ളത്. പരാജയപ്പെടുത്താൻ കഴിയാത്ത ശക്തിയല്ല ബി.ജെ.പി എന്നാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.