നിയമപോരാട്ടം തുണച്ചു; മലയാളിക്ക് മരണശിക്ഷയിൽ ഇളവ്
ദമ്മാം: വ്യഭിചാരക്കുറ്റാരോപിതനായി ജയിലിലാവുകയും വധശിക്ഷ വിധിക്കപ്പെടുകയും ചെയ്ത മലയാളിക്ക് അനുകൂലമായി ആശ്വാസ വിധി. റിയാദ് ജയിലിൽ കഴിയുന്ന മലപ്പുറം, ഒതായി സ്വദേശി സമീർ പെരിഞ്ചേരിക്കാണ് (38) മരണമുനമ്പിൽനിന്ന് ജീവൻ തിരിച്ചുകിട്ടിയത്. ഒരു വർഷം മുമ്പ് റിയാദിലെ ബത്ഹയിൽ പൊലീസ് നടത്തിയ റെയ്ഡിൽ സ്ത്രീകൾ ഉൾപ്പടെ പിടിയിലായ സംഘത്തിൽ ഉൾപ്പെട്ടാണ് സമീറും ജയിലിലായത്.
ഇതിൽ ഉണ്ടായിരുന്ന ഇന്തോനേഷ്യൻ യുവതി സമീറിനെതിരെ മൊഴികൊടുത്തതോടെ വ്യഭിചാരക്കുറ്റം ചുമത്തി ശരീഅത്ത് നിയമപ്രകാരം വധശിക്ഷക്ക് വിധിക്കുകയായിരുന്നു. മേൽക്കോടതിയിൽ അപ്പീൽ പോയെങ്കിലും വധശിക്ഷ ശരിവെച്ചു.
സമീറിെൻറ ജീവൻ രക്ഷിക്കണമെന്ന ആവശ്യവുമായി കുടുംബം റിയാദിലെ ഇന്ത്യൻ എംബസിയെ സമീപിച്ചു. കുറ്റകൃത്യം ഇതായതിനാൽ പ്രവാസി സംഘടനകളൊന്നും വിഷയത്തിൽ ഇടപെടാൻ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സാമൂഹികപ്രവർത്തകൻ സുധീർ മണ്ണാർക്കാട് മുന്നോട്ട് വരികയും കേസിെൻറ തുടർനടപടികളിൽ ഇടപെടാൻ എംബസ്സി അദ്ദേഹത്തിന് സമ്മത പത്രം നൽകുകയും ചെയ്തത്.
അദ്ദേഹത്തിെൻറ നേതൃത്വത്തിൽ വിധിക്കെതിരെ അപ്പീൽ പോവുകയും കോടതി കേസ് പുനഃപരിശോധിക്കാൻ തയാറാവുകയുമായിരുന്നു. കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ സാക്ഷികളോ തെളിവുകളോ ഇല്ലെന്ന് സമർത്ഥിക്കാൻ പ്രതിഭാഗത്തിന് കഴിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച റിയാദ് കോടതി വധ ശിക്ഷാവിധി നിർത്തിവെക്കാൻ ഉത്തരവിട്ടത്.
സുധീർ മണ്ണാർക്കാടിെൻറ അക്ഷീണയത്നമാണ് മരണ മുനമ്പിൽ നിന്ന് സമീറിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. എന്നാൽ ജയിൽ മോചനം സാധ്യമായിട്ടില്ല. പബ്ലിക് റൈറ്റ് പ്രകാരമുള്ള തടവും പിഴയും ഉൾപ്പടെയുള്ള ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.
റിയാദിലെ സാമൂഹിക പ്രവർത്തകനായ അൻഷാദ് കരുനാഗപ്പള്ളിയും സഹായപ്രവർത്തനങ്ങളുമായി രംഗത്തുണ്ടായിരുന്നു. ഓമശ്ശേരി പഞ്ചായത്തിലെ നിലവിലെ വൈസ് പ്രസിഡൻറും കൊടുവള്ളി മണ്ഡലം പ്രവർത്തകസമിതി അംഗവുമായ സാലിഹ് ഓമശ്ശേരിയും റിയാദ് കെ.എം.സി.സി കൊടുവള്ളി മണ്ഡലം ചെയർമാൻ സുഹൈൽ ഓമശ്ശേരിയും നിയമപോരാട്ടത്തിൽ സുനീർ മണ്ണാർക്കാടിന് സഹായവുമായുണ്ടായിരുന്നു.
അഡ്വ. സൽമാൻ അമ്പലക്കണ്ടി, യൂനിസ് അമ്പലക്കണ്ടി എന്നിവർ നാട്ടിൽ കുടുംബവുമായി ബന്ധപ്പെട്ടിട്ടുള്ള രേഖകളും മറ്റും തയാറാക്കുന്നതിനും സഹായിച്ചു. ഇന്ത്യൻ എംബസിയുടെ കരുത്തുറ്റ പിന്തുണയാണ് ഈ കേസിെൻറ പോരാട്ടത്തിൽ തനിക്ക് ബലം നൽകിയതെന്ന് സുധീർ മണ്ണാർക്കാട് പറഞ്ഞു.