‘ബിരിയാണി വാങ്ങി തരാം ഇറങ്ങിവാ…’; ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി പൊലീസ്

ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ബിരിയാണി കാണിച്ച് പിന്തിരിപ്പിച്ച് പൊലീസ്. കൊൽക്കത്തയിലെ ബാലിഗഞ്ചിലാണ് സംഭവം. പാലത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ ജോലിയും ബിരിയാണിയും നൽകാമെന്ന് പറഞ്ഞാണ് പൊലീസ് താഴെ ഇറക്കിയത്.

 

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കാരയാ സ്വദേശിയായ 40 കാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കി പാലത്തിന് മുകളിൽ കയറിയത്. ഉച്ചയ്ക്ക് രണ്ടരയോടെ മൂത്ത മകളെയും കൂട്ടി ഇരുചക്രവാഹനത്തിൽ സയൻസ് സിറ്റിയിലേക്ക് പോവുകയായിരുന്നു ഇയാൾ. ഇതിനിടെ വാഹനം പെട്ടെന്ന് പാലത്തിന് സമീപം നിർത്തി. മൊബൈൽ ഫോൺ റോഡിൽ എവിടെയോ വീണിട്ടുണ്ടെന്നും നോക്കിയിട്ട് വരാമെന്നും മകളോട് പറഞ്ഞ ശേഷമാണ് പാലത്തിന് മുകളിൽ കയറിയത്.

മുകളിലെത്തിയ ഇയാൾ താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ലോക്കൽ പൊലീസും ഡിസാസ്റ്റർ മാനേജ്‌മെന്റ് ഗ്രൂപ്പിന്റെയും അഗ്നിശമന സേനയുടെയും ഒരു സംഘം സ്ഥലത്തെത്തി അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി. ആദ്യമൊന്നും വഴങ്ങാതിരുന്ന ഇയാൾ പിന്നീട് പൊലീസിനോട് സഹകരിക്കുകയായിരുന്നു. ജോലിയും ബിരിയാണിയും നൽകാമെന്ന് പറഞ്ഞാണ് ഇയാളെ സമാധാനിപ്പിച്ചത്.

ഭാര്യയുമായി വേർപിരിയുന്നതിന്റെ കടുത്ത മാനസിക സമ്മർദവും ബിസിനസ് നഷ്ടം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുമാണ് കടുത്ത തീരുമാനത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ഇയാൾ പറഞ്ഞു. സംഭവത്തെ തുടർന്ന് നഗരത്തിലെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നിലവിൽ ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *