‘കുട്ടികൾ പഠിക്കട്ടെ’ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ
മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ പൊലീസിന് മൊഴിനൽകി. പരാതിയില്ലാത്തതിനാൽ കേസ് എടുക്കുന്നില്ലെന്ന് എറണാകുളം സെൻട്രൽ പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കോളജ് അധികൃതര്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടിയെടുക്കണം എന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
അധ്യാപകനെ അപമാനിച്ചെന്ന് പറഞ്ഞ് ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ മഹാരാജാസ് കോളജിലെ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിലും ഉള്‍പ്പെട്ടിരുന്നു. സംഭവത്തില്‍ പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ പൊലീസ് മഹാരാജാസ് കോളേജിലെത്തി വിവരങ്ങള്‍ തേടിയിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വിവരങ്ങള്‍ ശേഖരിച്ചത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വിഡിയോ പുറത്ത് വന്ന സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെഎസ്‍യു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അധ്യാപകനെ മുഹമ്മദ് ഫാസില്‍ അപമാനിച്ചിട്ടില്ലെന്നാണ് കെഎസ്‍യുവിന്റെ വിശദീകരണം.
കാഴ്ചശക്തിയില്ല എന്ന തൻ്റെ പരിമിതിയെയാണ് കുട്ടികൾ ചൂഷണം ചെയ്തത് എന്നതിൽ വിഷമമുണ്ടെന്ന് അധ്യാപകൻ ഡോ. സിയു പ്രിയേഷ് പ്രതികരിച്ചിരുന്നു. കാഴ്ചശക്തിയില്ലാത്ത ആളായതുകൊണ്ടാണല്ലോ ഇങ്ങനെ സംഭവിച്ചത്. ഒരുപാട് എഫർട്ട് എടുത്താണ് ക്ലാസെടുക്കുന്നത്. എന്നിട്ടും ക്ലാസിനെ അവമതിക്കുന്ന കുട്ടികളുണ്ടെന്നത് വിഷമകരമാണെന്നും അദ്ദേഹം 24നോട് പറഞ്ഞു.