‘പാർലമെന്റിൽ ഭരണഘടനയ്ക്ക് ജയ് വിളിച്ചുകൂടെ’; ഓം ബിർളയ്‌ക്കെതിരെ പ്രിയങ്കാ ​ഗാന്ധി

Priyanka Gandhi

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രതിപക്ഷ എംപി ‘ജയ് സംവിധാൻ’ വിളിച്ചപ്പോൾ എതിർപ്പ് ഉയർന്നതിനെതിരെയാണ് പ്രിയങ്ക രം​ഗത്ത് വന്നിരിക്കുന്നത്.Priyanka Gandhi

പതിനെട്ടാം ലോക്‌സഭാംഗമായി തിരുവനന്തപുരത്തെ കോൺ​ഗ്രസ് എംപി ശശി തരൂർ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് അവരുടെ പ്രസ്താവന. ഭരണഘടനയുടെ ഒരു പകർപ്പ് കൈവശം വച്ചുകൊണ്ട് ഇംഗ്ലീഷിലാണ് തരൂർ സത്യപ്രതിജ്ഞ ചെയ്തത്. ‘ജയ് സംവിധാൻ’ എന്ന് പറഞ്ഞാണ് അദ്ദേ​​ഹം സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. തരൂർ പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷ എംപിമാരും ജയ് സംവിധാൻ എന്ന വിളികൾ ഉയർത്തുന്നുണ്ടായിരുന്നു.

ഭരണഘടനയുടെ പേരിൽ തന്നെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിനാൽ ‘ജയ് സംവിധാൻ’ പറയേണ്ട ആവശ്യമില്ലെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇതിനെതിരെ പറഞ്ഞു. സ്പീക്കർ എതിർക്കേണ്ടിയിരുന്നില്ലെന്ന് ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് എംപി ദീപേന്ദർ സിംഗ് ഹൂഡ വാദിച്ചു. ‘എന്തെല്ലാം എതിർക്കണം, എതിർക്കരുത് എന്നതിനെക്കുറിച്ച് ഉപദേശം നൽകരുത്- ഇരിക്കൂ’- എന്നായിരുന്നു ഇതിന് സ്പീക്കറുടെ പ്രതികരണം.

‘ഇന്ത്യൻ പാർലമെൻ്റിൽ ‘ജയ് സംവിധാൻ’ മുഴക്കിക്കൂടേ? പാർലമെൻ്റിൽ ചട്ട വിരുദ്ധ, ഭരണഘടനാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിൽ നിന്ന് ഭരണപക്ഷത്തുള്ളവരെ തടഞ്ഞില്ല. എന്നാൽ ഒരു പ്രതിപക്ഷ എംപി ‘ജയ് സംവിധാൻ’ വിളിച്ചപ്പോൾ എതിർപ്പ് ഉയർന്നു. തെരഞ്ഞെടുപ്പ് വേളയിൽ ഉയർന്നുവന്ന ഭരണഘടനാ വിരുദ്ധ വികാരം ഇപ്പോൾ നമ്മുടെ ഭരണഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന പുതിയ രൂപം കൈക്കൊണ്ടിരിക്കുകയാണ്.’- പ്രിയങ്ക പറഞ്ഞു.

‘പാർലമെന്റ് പ്രവർത്തിക്കുന്നത് തന്നെ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്, ഓരോ അംഗങ്ങളും ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു, പൗരന്മാരുടെ ജീവനും ജീവിതത്തിനും ഭരണഘടന സംരക്ഷണം നൽകുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദമില്ലാതാക്കാൻ ഇതേ ഭരണഘടനയെ ഇവർ തള്ളിപ്പറയുമോ?’- പ്രിയങ്ക ചോദിച്ചു. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.

കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും സ്പീക്കർക്കെതിരെ രം​ഗത്ത് വന്നു. ‘ഇപ്പോൾ സ്പീക്കർക്ക് പാർലമെൻ്റിൽ ‘ജയ് സംവിധാൻ’ പറയുന്നതിൽ പോലും പ്രശ്‌നമുണ്ട്, ഇത് അതിശയകരമാണ്. സഭ നടത്തേണ്ട ഭരണഘടനയുടെ തന്നെ വിജയത്തെ അവർ എതിർക്കുന്നു. അഞ്ച് തവണ എംപിയായ ദീപേന്ദർ ഹൂഡയെ അദ്ദേഹം അധിക്ഷേപിക്കാൻ തുടങ്ങി. ഓം ബിർള 41,974 വോട്ടിന് മാത്രമാണ് വിജയിച്ചത്, ദീപേന്ദർ സിംഗ് ഹൂഡ 3,45,298 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.’- ശ്രീനേറ്റ് പറഞ്ഞു.

കോൺ​ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ​ഗാന്ധിയടക്കം നിരവധി പ്രതിപക്ഷ എംപിമാർ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്തിനും ഭരണഘടനയ്ക്കും ജയ് വിളിച്ചായിരുന്നു രാഹുലിന്റെയും സത്യപ്രതിജ്ഞ.

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. രണ്ടു ദിവസത്തെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ജൂൺ 26നാണ് ലോക്‌സഭാ സ്പീക്കറിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഓം ബിർള തുടർച്ചയായി രണ്ടാം തവണയും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *