മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കൽ; വിഡിയോ ചിത്രീകരിച്ച ശേഷം യുവതി ആത്മഹത്യ ചെയ്തു
കാസർകോഡ്: മോഷണംക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് മനം നൊന്ത് യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീലയാണ്(24) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വിഷം കഴിച്ച യുവതി കാസർകോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നിരപരാധിയാണെന്ന് വിഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല ജീവനൊടുക്കിയത്. സ്വർണം മോഷ്ടിച്ചെന്ന് ആരോപിച്ച് സുഹൃത്തിന്‍റെ ബന്ധുക്കളും ഭർത്താവിന്‍റെ കുടുംബവും അപമാനിച്ചതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് വിഷം കഴിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ലെന്ന് യുവതി വിഡിയോയിൽ പറയുന്നു.
സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് ഒമ്പതര പവൻ വരുന്ന സ്വർണം കാണാനില്ല എന്ന് കാണിച്ച് ആതൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണത്തിന്‍റെ ഭാഗമായി ജസീലയെ സ്റ്റേഷനിൽ വിളിച്ച് വരുത്തിയിരുന്നു. ചോദ്യം ചെയ്യലിൽ ജസീലയുടെ പങ്ക് തെളിയിക്കാൻ കഴിയാത്തതിനാൽ വിട്ടയക്കുകയായിരുന്നു. കാണാതായ സ്വർണം എവിടെ എന്നതിൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു കുട്ടികളുടെ അമ്മയാണ് ജസീല.
