എട്ട് പുറത്താക്കലുകൾ, സെഞ്ചുറി; ടെസ്റ്റിൽ ചരിത്രം കുറിച്ച് ലിറ്റൺ ദാസ്

ജൊഹാനസ്ബർഗ്: ടെസ്റ്റ് ക്രിക്കററ്റിന്റെ ചരിത്രത്തിൽ പുതിയൊരു പേര് കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ലിറ്റൺ ദാസാണ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടി തിളങ്ങിയ താരം, വിക്കറ്റ് കീപ്പിംഗിന് പിന്നിൽ എട്ട് പുറത്താക്കലുകളോടെയാണ് ചരിത്ര നേട്ടത്തിലെത്തിയത്. ഒരു ഇന്നിംഗ്‌സിൽ എട്ട് പുറത്താക്കലുകൾ നേടുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോർഡിനൊപ്പം, സെഞ്ച്വറിയും എട്ട് പുറത്താക്കലുകളും ഒരുമിച്ച് കുറിക്കുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും ലിറ്റൺ ദാസ് സ്വന്തം പേരിലാക്കി.

മത്സരം തുടങ്ങി നാലാം ദിവസം രാവിലെ കഗിസോ റബാഡയെ സ്റ്റമ്പ് ചെയ്തതോടെയാണ് ലിറ്റൺ ഏഴ് പുറത്താക്കലുകളുടെ റെക്കോർഡ് പഴങ്കഥയാക്കിയത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ആറ് ക്യാച്ചുകൾ നേടിയ താരം, നാലാം ദിവസം റയാൻ റിക്കെൽട്ടണെയും റബാഡയെയും മെഹ്ദി ഹസൻ മിറാസിന്റെ പന്തിൽ സ്റ്റമ്പ് ചെയ്ത് തന്റെ റെക്കോർഡിലേക്ക് നടന്നുകയറുകയായിരുന്നു.

ആറ് ക്യാച്ചുകളും രണ്ട് സ്റ്റമ്പിംഗുകളുമാണ് ഒന്നാം ഇന്നിംഗ്‌സിൽ ലിറ്റണിന്റെ സമ്പാദ്യം. മാർക്രം, സുബൈർ ഹംസ, ബ്രീറ്റ്‌സ്‌കെ, മുൾഡർ, യാൻസൻ, ഹാർമർ എന്നിവരുടെ ക്യാച്ചുകൾ കൈക്കലാക്കിയ താരം, റിക്കെൽട്ടണെയും റബാഡയെയും സ്റ്റമ്പ് ചെയ്ത് മടക്കി.

വസിം ബാരി, ബോബ് ടെയ്‌ലർ, ഇയാൻ സ്മിത്ത്, റിഡ്‌ലി ജേക്കബ്‌സ്, ജോഷ്വ ഡി സിൽവ എന്നിവർ ചേർന്ന് പങ്കിട്ട ഏഴ് പുറത്താക്കലുകളുടെ പഴയ റെക്കോർഡാണ് ലിറ്റൺ തകർത്തത്. ജൊഹാനസ്ബർഗിൽ തന്നെ 1966-ൽ ഡെനിസ് ലിൻഡ്‌സിയും 2013-ൽ എ.ബി. ഡിവില്ലിയേഴ്‌സും ഒരു ഇന്നിംഗ്‌സിൽ സെഞ്ച്വറിയും ആറ് പുറത്താക്കലുകളും നേടിയിരുന്നു. എന്നാൽ സെഞ്ച്വറിയും എട്ട് പുറത്താക്കലുകളും ഒരുമിച്ച് നേടുന്ന ആദ്യ താരമായി ലിറ്റൺ മാറി.

ഇതോടെ ഏറെക്കാലം മുഷ്ഫിക്കുർ റഹീമിന്റെ പേരിലുണ്ടായിരുന്ന 113 പുറത്താക്കലുകളുടെ റെക്കോർഡ്, 154 പുറത്താക്കലുകളോടെ ലിറ്റൺ ദാസ് മറികടന്നു. ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ കുറിക്കുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടവും ലിറ്റൺ സ്വന്തമാക്കി.

നേരത്തെ ഒന്നാം ഇന്നിംഗ്‌സിൽ ബാറ്റിംഗിലും തിളങ്ങിയ ലിറ്റൺ ദാസ് 120 റൺസ് നേടിയിരുന്നു. ബംഗ്ലാദേശിന്റെ 400 റൺസിന് മറുപടിയായി ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സിൽ 557 റൺസ് അടിച്ചുകൂട്ടി. കഗിസോ റബാഡ (72), ടെംബ ബവുമ (68*), റയാൻ റിക്കെൽട്ടണിന്റെ (102) സെഞ്ചുറി മികവിൽ ദക്ഷിണാഫ്രിക്ക അനായാസം ലീഡ് പിടിച്ചെടുക്കുകയായിരുന്നു.

അതേസമയം, ദക്ഷിണാഫ്രിക്കയുടെ കൂറ്റൻ ലീഡിന് മുന്നിൽ രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നാലാം ദിവസം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിൽ പതറുകയാണ്. ലിറ്റൺ ദാസ് (12*), മുഷ്ഫിക്കുർ റഹീം (5*) എന്നിവരാണ് ക്രീസിൽ