കഞ്ചാവുമായി പൂക്കൊളത്തൂർ സ്വദേശി പിടിയിൽ

മഞ്ചേരി: കഞ്ചാവുമായി പൂക്കൊളത്തൂർ സ്വദേശി മഞ്ചേരി എക്സൈസ് വിഭാഗത്തിന്റെ പിടിയിൽ. എക്സൈസ് വകുപ്പിന്റെ ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തൃപ്പനച്ചിയിൽ നടത്തിയ പരിശോധനയിൽ നിരവധി നാർക്കോട്ടിക് കേസുകളിൽ പ്രതിയായ മഞ്ചേരി പൂക്കളത്തൂർ സ്വദേശി വളയക്കോട്ടിൽ വീട്ടിൽ ഷംസുദ്ദീനെയാണ് (50) മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതിയിൽനിന്ന് 1.170 കിലോഗ്രാം കഞ്ചാവും ഇത് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. എക്സൈസ് വകുപ്പിലും പൊലീസിലും നിരവധി കേസുകളിൽ പ്രതിയാണ് ഷംസുദ്ദീൻ. ഫോണിൽ വിളിച്ച് കഞ്ചാവ് ആവശ്യപ്പെടുന്ന ആളുകൾക്ക് സ്കൂട്ടറിൽ എത്തിച്ചുകൊടുക്കുകയാണ് പ്രതിയുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലഹരി വിൽപനക്കും ഉപയോഗത്തിനുമെതിരെ ശക്തമായ പരിശോധനകൾ നടത്തുമെന്ന് മഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ ഇ. ഹരീഷ് അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം. ജയപ്രകാശ്, പ്രിവന്റിവ് ഓഫിസർമാരായ പി. സഫീർ അലി, അമീൻ അൽത്താഫ്, ടി. സുനീർ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ അബ്ദുറഹ്മാൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
