അമ്മയുടെ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ച് രണ്ട് ലക്ഷം നഷ്ടപ്പെട്ടു; ജീവനൊടുക്കി 18കാരൻ
മുംബൈ: അമ്മയുടെ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ച് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട 18കാരൻ ജീവനൊടുക്കി. മുംബൈയിലെ നാല സൊപാരയിലാണ് സംഭവം. അമ്മയുടെ ഫോണിൽ ഗെയിം കളിക്കുന്നതിനിടെ വന്ന പോപ്പ് അപ് പരസ്യത്തിൽ വിദ്യാർഥി ക്ലിക്ക് ചെയ്യുകയും അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയുമായിരുന്നു. അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആയെന്ന സന്ദേശം ഫോണിൽ വന്നതോടെ ശാസന ഭയന്ന് വിദ്യാർഥി വീട്ടിലുണ്ടായിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു.
പുറത്തുപോയ അമ്മ അകത്തുവന്നപ്പോൾ വായിൽ നിന്നും നുരയും പതയും വന്ന് കിടക്കുന്ന വിദ്യാർഥിയെയാണ് കണ്ടത്. ഉടൻ തന്നെ അയൽക്കാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. വീട്ടുകാർ പണം നഷ്ടപ്പെട്ടതിനേക്കുറിച്ച് വിദ്യാർഥിയുടെ മരണശേഷവും അറിഞ്ഞിരുന്നില്ല. ആത്മഹത്യയാണ് എന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം അരംഭിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പുകൾ തിരഞ്ഞെങ്കിലും ലഭിക്കാത്തതിനെത്തുടർന്ന് ഫോണുകൾ പരിശോധിച്ചപ്പോഴാണ് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട കാര്യം പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത്.
സൈബർസെല്ലിൽ പരാതിപ്പെട്ടിരുന്നെങ്കിൽ നഷ്ടപ്പെട്ട തുക തിരിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സമാനമായ അനേകം കേസുകൾ പ്രദേശത്ത് റിപ്പോർട്ട് ചെയ്യുകയും പല കേസുകളിലും മുഴുവൻ തുകയും തന്നെ തിരിച്ചുപിടിക്കാനും സാധിച്ചിരുന്നു. വിദ്യാർഥി ഭയന്നതാണ് പ്രശ്‌നമായതെന്നും പൊലീസ് പറഞ്ഞു.