മദ്​നി മസ്​ജിദ്​ പൊളിക്കൽ: യുപി സർക്കാരിന് നോട്ടീസയച്ച്​ സുപ്രിംകോടതി

Madni Masjid

ന്യൂഡൽഹി: കുശിനഗറിലെ മദ്‌നി മസ്​ജിദിന്‍റെ ഒരു ഭാഗം പൊളിച്ചുമാറ്റിയ സംഭവത്തിൽ അധികൃതർക്കെതിരെ​ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഉത്തർ പ്രദേശ്​ സർക്കാരിന്​ സുപ്രിംകോടതി നോട്ടീസയച്ചു. ജസ്റ്റിസുമാരായ ബി.ആർ ഗവായി, എ.ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ്​ നോട്ടീസ് അയച്ചത്​.Madni Masjid

2024 നവംബർ 13ലെ വിധിന്യായത്തിൽ സുപ്രിംകോടതി നിർദേശിച്ചതുപോലെ, ആവശ്യമായ നോട്ടീസ് നൽകാതെയാണ്​ പള്ളി പൊളിച്ചതെന്ന്​​ ആരോപിച്ചാണ്​ ഹരജി സമർപ്പിച്ചത്​. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്ഥലത്ത് കൂടുതൽ പൊളിക്കൽ നടപടി നടത്തരുതെന്ന്​ കോടതി ഉത്തരവിട്ടു.

‘ഹരജിക്കാരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഭൂമിയിലാണ് പള്ളി നിർമിച്ചതെന്ന വാദമുണ്ട്. 1999ലെ മുനിസിപ്പൽ അധികൃതരുടെ അനുമതിയോടെയായിരുന്നു ഇതിന്‍റെ നിർമാണം. പ്രസ്തുത അനുമതി റദ്ദാക്കാൻ ശ്രമിച്ചെങ്കിലും 2006ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം റദ്ദാക്കാനായില്ല. ആ ഉത്തരവ്​ ഇപ്പോഴും നിലനിൽക്കുന്നുണ്ട്​’ -സുപ്രിംകോടതി വ്യക്​തമാക്കി.

പള്ളിക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) കൈയേറ്റം അന്വേഷിച്ചിട്ടുണ്ട്​. എസ്ഡിഎം പരിശോധന നടത്തുകയും 2024 ഡിസംബർ 22ന്​ പത്രക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു. പരിശോധനയിൽ നിർമാണം അനുമതി നൽകിയതിന്​ അനുസൃതമാണെന്ന് കണ്ടെത്തി. അനുമതിയില്ലാതെ നിർമിച്ച ഷെഡ്ഡ്​​ ഹരജിക്കാർ തന്നെ നീക്കം ചെയ്തതായും സുപ്രിംകോടതി ഉത്തരവിൽ പറയുന്നു.

പള്ളിയുടെ ഭാഗം പൊളിച്ച നടപടി സുപ്രിംകോടതി പുറപ്പെടുവിച്ച നിർദേശങ്ങളോടുള്ള കടുത്ത അവഹേളനമാണെന്നാണ്​ ഹരജിക്കാരുടെ വാദം. അതിനാൽ തന്നെ ഇതിന്‍റെ ഉത്തരവാദികൾക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാതിരിക്കാൻ നോട്ടീസ് നൽകണം. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകുകയും വേണം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പള്ളിയുടെ ഭാഗങ്ങൾ പൊളിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.

പൊളിച്ചുമാറ്റിയ പള്ളിയുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു നോട്ടീസും നൽകിയിട്ടില്ലെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹ്മദി വാദിച്ചു. അതിനാൽ ഇത് നവംബർ 13ലെ കോടതി വിധിയോടുള്ള അങ്ങേയറ്റത്തെ അവഹേളനമാണെന്നും അദ്ദേഹം വ്യക്​തമാക്കി.

സർക്കാർ ഭൂമി കൈയേറി നിർമിച്ചെന്നാരോപിച്ചാണ്​​ കുശിനഗർ ജില്ലയിലെ ഹാത മേഖലയിലെ മദ്​നി മസ്​ജിദിന്‍റെ ഭാഗം കഴിഞ്ഞയാഴ്ച അധികൃതർ പൊളിച്ചുനീക്കിയത്​. പള്ളിക്കെതിരായ നടപടിയിൽ ഹൈക്കോടതിയുടെ സ്​റ്റേയുണ്ടായിരുന്നു. ഇതിന്‍റെ സമയപരിധി അവസാനിച്ചതോടെയാണ്​ അധികൃതർ പൊളിക്കാൻ തുടങ്ങിയത്​.

അതേസമയം, സർക്കാർ ഭൂമി കൈയേറിയിട്ടില്ലെന്നാണ്​ മസ്​ജിദ്​ കമ്മിറ്റി പറയുന്നത്​. ബി​ജെപി നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ്​ അധികൃതർ ഉടനടി നടപടി സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *