ജൂലൈ അഞ്ചിന് മഹാദുരന്തം; പ്രവചനത്തിന് പിന്നാലെ ജപ്പാനിൽ 500ഓളം ഭൂചലനങ്ങൾ… ഭീതി
2025 ജൂലൈ അഞ്ചിന് പുലർച്ചെ 4.18ന് ഒരു മഹാദുരന്തം സംഭവിക്കും… മഹാനഗരങ്ങൾ കടലിൽ വീഴും, ജാപ്പനീസ് ബാബാ വാംഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനം ചർച്ചയാകാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ജൂലൈ അഞ്ചിന് ജപ്പാനിൽ വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്ന തത്സുകിയുടെ പ്രവചനക്കുരുക്കിൽ പെട്ട് ആളുകൾ ജപ്പാനിലേക്കുള്ള യാത്ര വരെ കൂട്ടത്തോടെ റദ്ദാക്കുന്ന സ്ഥിതിയുണ്ടായി. തന്റെ സ്വപ്‌നത്തിൽ കാണുന്ന കാര്യങ്ങൾ എഴുത്തിലൂടെ ലോകത്തോട് വിളിച്ച് പറയുകയാണത്രെ ബാബ വാംഗ. കോവിഡ് വ്യാപനവും 2011ലെ സുനാമിയുമൊക്കെ നേരത്തെ തത്സുകി പ്രവചിച്ചിട്ടുണ്ട് എന്നാണ് ഇവരുടെ ആരാധകർ അവകാശപ്പെടുന്നത്…disaster
തെക്കൻ ജപ്പാനിലെ ഒരു വിദൂര ദ്വീപസമൂഹത്തിൽ ശനിയാഴ്‌ച മുതൽ 470ലധികം ഭൂകമ്പങ്ങൾ ഉണ്ടായതായി ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ജനങ്ങൾക്ക് ആശങ്ക ഇരട്ടിയായി. ബാബാ വാംഗയുടെ പ്രവചനങ്ങൾ സത്യമാവുകയാണോ.. അങ്ങനെയെങ്കിൽ ദുരന്തത്തിന് ഇനി നാലുനാളുകൾ കൂടി മാത്രമാണ് അവശേഷിക്കുന്നത്..
ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ കാര്യങ്ങൾ പ്രവചിച്ചയാളാണ് ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗ. രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെയും സാർ ബോറിസ് മൂന്നാമന്റെയും മരണ തീയതി തുടങ്ങിയവയെല്ലാം ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു. എല്ലാ വർഷാവസാനവും പ്രവചനങ്ങളുമായി എത്താറുള്ള ഈ ബാബ വാംഗയുമായി പരക്കെ താരതമ്യം ചെയ്യപ്പെടുന്ന ജാപ്പനീസ് മാംഗ കലാകാരിയാണ് റിയോ തത്സുകി. ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് റിയോ തത്സുകി ഇത്തരം പ്രവചനങ്ങൾ നടത്താറുള്ളത്.
1999-ൽ പ്രസിദ്ധീകരിച്ച ഫ്യൂച്ചര്‍ ഐ സോയുടെ കവർ പേജിൽ തന്നെ 2011 മാർച്ചിലെ ഭൂകമ്പവും തുടർന്നുള്ള സുനാമിയും രേഖപ്പെടുത്തിയിരുന്നു. ഈ ദുരന്തത്തിൽ ഏകദേശം 16,000 പേർ മരിക്കുകയും ഫുകുഷിമ ഡൈചി ആണവ ദുരന്തത്തിന് കാരണമാവുകയും ചെയ്‌തിരുന്നു. താൻ പ്രവചിച്ച അതേ വർഷം അതേ സമയത്താണ് ഈ ദുരന്തങ്ങൾ ഉണ്ടായതെന്നാണ് തത്സുകിയുടെ അവകാശവാദം. 2011ലെ ദുരന്തത്തിന് പിന്നാലെ 1999ൽ അച്ചടിച്ച ഈ കൃതി ജപ്പാനില്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. 1995-ലെ കോബെ ഭൂകമ്പവും ഇതിഹാസ സംഗീതജ്ഞന്‍ മെർക്കുറിയുടെ മരണവും വരെ തത്സുകിയുടെ പുസ്‌തകത്തിൽ പറയുന്നുണ്ട്.
അവര്‍ പലപ്പോഴായി കണ്ട സ്വപ്‌നങ്ങളാണ് ഫ്യൂച്ചര്‍ ഐ സോയിൽ രേഖപ്പെടുത്തിയിരുന്നത്. ആകെ 15 സ്വപ്‌നങ്ങളെ പറ്റി ഈ പുസ്‌തകത്തിൽ പറയുന്നുണ്ട്. ഇതിൽ 13 എണ്ണവും യാഥാർഥ്യമായെന്ന് തത്സുകിയുടെ ആരാധകർ വാദിക്കുന്നു. 2011 വരെ തത്സുകിയുടെ പ്രവചനത്തിന് കാര്യമായ ശ്രദ്ധ ലഭിച്ചിരുന്നില്ല. എന്നാല്‍ 2011 ലെ ഭൂചലനവും സുനാമിയും നേരത്തെ തന്നെ വരച്ച് പുറത്തിറക്കിയത് കണ്ടതോടെ ആളുകൾ അക്ഷരാർഥത്തിൽ ഞെട്ടി. പ്രവചനങ്ങൾ സത്യമായെന്ന പ്രചാരണത്തിന് പിന്നാലെ ജപ്പാൻ, ചൈന, തായ്‌ലൻഡ് എന്നിവിടങ്ങളിൽ 9 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്.
2021ൽ ഫ്യൂച്ചർ ഐ സോയുടെ ഒരു കംപ്ലീറ്റ് വേർഷൻ പുറത്തിറക്കി. ഇതിലാണ് 2025 ജൂലൈയിൽ ജപ്പാനില്‍ മഹാദുരന്തം സംഭവിക്കുമെന്ന മുന്നറിയിപ്പുള്ളത്. അതും ദിവസവും സമയവുമടക്കം… ജൂലൈ അഞ്ച് പുലർച്ചെ 4.18… ജപ്പാനും ഫിലിപ്പീൻസിനുമിടയില്‍ കടലിനടിയില്‍ വലിയ വിള്ളലുണ്ടാകുമെന്നും 2011-ലെ തോഹോകു ദുരന്തത്തിൽ കണ്ടതിനേക്കാൾ മൂന്നിരട്ടി ഉയരമുള്ള സുനാമികൾ ഉണ്ടാകുമെന്നുമാണ് ഇവരുടെ പ്രവചനം. നഗരങ്ങള്‍ കടലില്‍ വീഴും, വെള്ളം തിളച്ച് മറിയും, വലിയ തിരമാലകൾ ഉണ്ടാകുമെന്നും ഫ്യൂച്ചർ ഐ സോയിൽ തത്സുകി പറയുന്നു… ജപ്പാനിലെ സമുദ്രങ്ങൾ തിളച്ചുമറിയുമെന്ന തത്സുകിയുടെ പ്രവചനം വെള്ളത്തിനടിയിലെ അഗ്നിപർവ്വത സ്ഫോടനത്തെ സൂചിപ്പിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെങ്കിലും ജൂലൈ അഞ്ചിന് നടക്കാന്‍ പോകുന്ന ദുരന്തത്തെ പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചു… ജൂലൈ അടുത്തതോടെ തത്സുകിയുടെ പ്രവചനം ജനങ്ങളിൽ ഭീതി പടർത്താൻ തുടങ്ങി.. ടോക്കര ദ്വീപുകളിലുണ്ടായ ഭൂചലനങ്ങൾ ഈ പേടി ഇരട്ടിയാക്കി. ടോക്കരയിൽ ആകെയുള്ള 12 ദ്വീപുകളിൽ ഏഴെണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്. 700ഓളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. സജീവ അഗ്നിപർവതങ്ങളുള്ള ടോക്കര ദ്വീപുകളിൽ തുടർച്ചയായി ഭൂചലനമുണ്ടാകുന്നത് ഇതാദ്യമായല്ല. 2023 സെപ്റ്റംബറിൽ 15 ദിവസത്തിനുള്ളിൽ 346 ഭൂചലനങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
എങ്കിലും, സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളെ തുടർന്ന് ജപ്പാന്‍, ഹോങ്കോങ്, തായ്‌വാന്‍ തുടങ്ങി ജപ്പാനും ചൈനയ്ക്കുമിടയിലുള്ള യാത്രകള്‍ ഒഴിവാക്കിയിരിക്കുകയാണ് ആളുകൾ. ജൂലൈ അഞ്ചിന് ബുക്ക് ചെയ്‌തിരുന്ന പല യാത്രകളും റദ്ദാക്കി കഴിഞ്ഞു. ജപ്പാനിലെ മാത്രമല്ല ചൈനയിലെയും ടൂറിസ്റ്റ് മേഖലയെ ഈ പ്രവചനം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. . ഇന്റര്‍നെറ്റിലാകെ ജുലൈ5 ഡിസാസ്റ്റര്‍, റിയോ തത്സുകി പ്രവചനം തുടങ്ങിയ ഹാഷ്‌ടാഗുകൾ ട്രെൻഡിങ്ങാണ്. ജൂലൈ അഞ്ചിന് ചൈന, ജപ്പാന്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മുന്‍കൂട്ടി ബുക്ക് ചെയ്‌തിരുന്ന വിനോദ സഞ്ചാര യാത്രകള്‍ 80 ശതമാനത്തോളമാണ് റദ്ദായത്.
എന്നാൽ, ശാസ്ത്രീയമായ അടിത്തറ ഇല്ലാത്ത ഇത്തരം പ്രവചനങ്ങളിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ജപ്പാൻ ഭരണകൂടം ജനങ്ങളോട് പറയുന്നത്. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പുകളെ മാത്രം കണക്കിലെടുക്കുക, കിംവദന്തികള്‍ വിശ്വസിക്കാതിരിക്കുക തുടങ്ങിയ മുന്നറിയിപ്പുകൾ അധികൃതർ നൽകുന്നുണ്ടെങ്കിലും ആളുകൾ ഇതൊന്നും തന്നെ കണക്കിലെടുക്കുന്നില്ല. ജാപ്പനീസ് ജനത വിദേശത്തേക്ക് പലായനം ചെയ്യുന്നില്ല, അതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ആളുകൾ ഈ കിംവദന്തികൾ അവഗണിച്ച് ജപ്പാനിലേക്ക് സന്ദർശനം നടത്തണമെന്ന് മിയാഗി പ്രവിശ്യയുടെ ഗവർണർ യോഷിഹിരോ മുരായ് പറഞ്ഞു. ഒന്നും സംഭവിക്കാതെ ജൂലൈ കടന്നുപോകുമെന്ന് തന്നെയാണ് അധികൃതർ വിശ്വസിക്കുന്നത്. എന്നാൽ, 2011 മുന്നിൽ നിൽക്കവേ എങ്ങാനും ഒരു ദുരന്തം ഉണ്ടായാലോ എന്ന ഭീതി ജനങ്ങൾക്കുണ്ട്…
കൃത്യമായ ഭൂകമ്പ പ്രവചനം നിലവിൽ അസാധ്യമാണെന്നാണ് ജാപ്പനീസ് ഭൂകമ്പശാസ്ത്രജ്ഞർ ഊന്നിപ്പറയുന്നത്. നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജപ്പാന്‍. പസഫിക് റിങ് ഓഫ് ഫയറിലാണ് ജപ്പാന്‍ ഉള്‍പ്പെടുന്ന ഭൂഭാഗം വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ– സുനാമി സാധ്യതാ പ്രദേശമാണിത്. ലോകത്തുണ്ടാകുന്ന ഭൂചലനങ്ങളുടെ 18 ശതമാനവും ജപ്പാനിലാണ് സംഭവിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ജപ്പാനിൽ എല്ലാ വർഷവും ഏകദേശം 1,500 ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ടത്രേ! ഇതിൽ ഭൂരിഭാഗവും ചെറിയ ചലനങ്ങളാണ്… വലിയ നാശനഷ്‌ടങ്ങളുണ്ടാക്കുന്ന ഭൂചലനങ്ങൾ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ.
എന്നാൽ, എവിടെ, എപ്പോൾ വൻ ഭൂകമ്പം ഉണ്ടാകുമെന്ന് കൃത്യമായി പറയാൻ ആർക്കും കഴിയില്ല എന്നാണ് ഭൂകമ്പശാസ്ത്രജ്ഞർ പറയുന്നത്. മറുവശത്ത് തന്റെ പുസ്‌തകത്തിന് ഇത്രയും ശ്രദ്ധ ലഭിക്കുന്നത് വളരെ പോസിറ്റിവ് ആയി കാണുന്നുവെന്നാണ് റിയോ തത്സുകിയുടെ പ്രതികരണം. ഇത് ദുരന്തനിവാരണ ബോധവൽക്കരണം വർധിപ്പിക്കുന്നുവെന്ന് അവർ വിശ്വസിക്കുന്നു. എന്റെ സ്വപ്‌നങ്ങളെ അമിതമായി ആശ്രയിക്കാതെ, വിദഗ്‌ധരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ഉചിതമായി പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്നും അവർ പറഞ്ഞു.