മേജർ മിസിങ്, സഞ്ജു സാംസൺ രാജസ്ഥാനിൽ നിന്ന് പുറത്തേക്കോ?; സോഷ്യൽമീഡിയ പോസ്റ്റ് ചർച്ചയാകുന്നു
ജയ്പൂർ: രാജസ്ഥാൻ റോയൽസിൽ നിന്ന് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ പുറത്തേക്കെന്ന സൂചന നൽകി സോഷ്യൽമീഡിയ പോസ്റ്റ്. വലിയ നഷ്ടമെന്ന ക്യാപ്ഷനോടെയാണ് ഔദ്യോഗിക പേജിൽ രാജസ്ഥാൻ സഞ്ജുവിന്റെ വീഡിയോ പങ്കുവെച്ചത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോഷ് ബട്ലറും പരിശീലകൻ കുമാർ സംഗക്കാരയും ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പമുള്ള വീഡിയോയാണ് പങ്കുവെച്ചത്. ക്യാപ്ഷനൊപ്പം കരയുന്ന ഇമോജിയും ലവ് ചിഹ്നമവുമിട്ടാണ് രാജസ്ഥാൻ റോയൽസ് വീഡിയോ പോസ്റ്റ് ചെയ്തത്. ഐ.പി.എൽ മെഗാലേലത്തിന് മുന്നോടിയായി താരത്തെ നിലനിർത്തില്ലെന്ന സൂചന നൽകുന്നതാണ് ഈ പോസ്റ്റ്. പുതിയ സീസണിൽ പല ഫ്രാഞ്ചൈസികളിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന് നേരത്തെ തന്നെ വാർത്തയുണ്ടായിരുന്നു. വീഡിയോ പങ്കുവെച്ചത് ആരാധകരിലും വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.Sanju
വിശ്വസ്തനായ താരത്തെ രാജസ്ഥാൻ വിട്ടുകളയരുതെന്ന് ആരാധകർ പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തി. അടുത്ത സീസൺ മുതൽ സംഗാക്കര ടീമിനൊപ്പമുണ്ടാകില്ലെന്ന് സൂചനയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ ഈ പോസ്റ്റ് എന്നും വ്യക്തമല്ല. രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ സഞ്ജു ഇല്ലാത്തത് ഉദ്ദേശിച്ചാണോ വീഡിയോ എന്നും അഭിപ്രായമുണ്ട്. നിലവിൽ പുതിയ സീസണായുള്ള തയാറെടുപ്പിലാണ് രാജസ്ഥാൻ. രാജസ്ഥാൻ വിട്ട് സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറുകയാണെന്ന കമന്റും ആരാധകർ പോസ്റ്റിന് താഴെ പങ്കുവെച്ചു.
2013ൽ രാജസ്ഥാൻ റോയൽസിലെത്തിയ സഞ്ജു പിന്നീട് മൂന്ന് സീസണുകളിൽ കൂടി ടീമിനായി കളിച്ചു. 2016, 2017 സീസണിൽ ഡൽഹി ക്യാപിറ്റൽസിനായാണ് സഞ്ജു കളിച്ചത്. 2018ൽ വീണ്ടും രാജസ്ഥാൻ റോയൽസിലെത്തിയ സഞ്ജു 2021മുതൽ ടീമിന്റെ നായകനുമാണ്. ആർ.ആറിന് ഫൈനലിലെത്തിച്ച മലയാളി താരം ബാറ്റിങിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2023ൽ നേരിയ വ്യത്യാസത്തിൽ പ്ലേ ഓഫ് ബർത്ത് നഷ്ടമായെങ്കിലും ഐ.പി.എല്ലിലെ ബാറ്റിങ് മികവിൽ ടി20 ലോകകപ്പ് ടീമിലേക്ക് താരത്തെ തെരഞ്ഞെടുത്തിരുന്നു കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ അഞ്ച് അർധസെഞ്ചുറി അടക്കം 531 റൺസാണ് അടിച്ചെടുത്തത്.