ഹൈദരാബാദിൽ മലയാളി വ്യവസായിയെ വെടി വെച്ച് എ.ടി.എമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന ആറ് ലക്ഷം തട്ടിയെടുത്തു
തെലങ്കാന: ഹൈദരാബാദിൽ യുവ മലയാളി വ്യവസായിയെ വെടിയുതിർത്ത ശേഷം കൊള്ളയടിച്ചു. കോഴിക്കോട് സ്വദേശിയും വസ്ത്രവ്യാരിയുമായ റിൻഷിദ് പി.വി ആണ് ആക്രമണത്തിനിരയായത്. ആറ് ലക്ഷം രൂപയാണ് അക്രമികൾ ഇദ്ദേഹത്തിൽ നിന്നും കവർന്നത്. എസ്.ബി.ഐയുടെ എടി.എം. വഴി പണം നിക്ഷേപിക്കുന്നതിനിടെയായിരുന്നു അക്രമണം.
ജനുവരി 7നാണ് കച്ചവടത്തിനായി വസ്ത്രങ്ങൾ വാങ്ങാൻ റിൻഷാദ് ഹൈദരാബാദിലെത്തിയത്. എന്നാൽ നടക്കാത്തതിനെ തുടർന്ന് റിൻഷിദിന്‍റെ സഹോദരൻ പണം ബാങ്കിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ജനുവരി 31 രാവിലെ സുഹൃത്തിനൊപ്പം ബൈക്കിലെത്തി പണം എ.ടി.എമ്മിൽ നിക്ഷേപിക്കുന്നതിനിടെ രണ്ട് അജ്ഞാതർ അവിടേക്ക് എത്തുകയായിരുന്നു. അതിലൊരാൾ തോക്കെടുത്ത് റിൻഷിദിനു നേർക്ക് രണ്ട് തവണ വെടിയുതിർത്തുവെന്ന് പൊലീസ് പറഞ്ഞു. പണവുമായി കടക്കുന്നതിനിടെ റിൻഷിദ് വന്ന ബൈക്കിന്‍റെ താക്കോലും എടുത്തു.
ആക്രമണത്തിനു ശേഷം ചാദർഗഡിലേക്കും അവിടെ നിന്ന് കച്ചിഗുഡയിലേക്കും കടന്ന പ്രതികൾ വസ്ത്രങ്ങൾ മാറ്റിയ ശേഷം വാഹനം ഉപേക്ഷിച്ച് കളഞ്ഞുവെന്നാണ് പൊലീസ് കണ്ടെത്തൽ.
പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിൻഷിദ് അപകട നില തരണം ചെയ്തു. പ്രതികളെ പിടികൂടുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചു വരികയാണ്.
