മലേഗാവ് സ്ഫോടനക്കേസ്: വിധി പറയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ജഡ്ജിക്ക് സ്ഥലംമാറ്റം; നടപടിക്കെതിരെ ഇരകൾ
മുംബൈ: ആറ് പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത മലേഗാവ് സ്ഫോടന കേസിൽ ജഡ്ജിക്ക് വീണ്ടും സ്ഥലംമാറ്റം. കേസിൽ വിധി പറയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മുംബൈയിലെ പ്രത്യേക എൻഐഎ കോടതി ജഡ്ജി എ.കെ ലാഹോട്ടിയെ സ്ഥലംമാറ്റിയത്. ജില്ലാ ജഡ്ജിമാരുടെ വാർഷിക ജനറൽ ട്രാൻസ്ഫറിൽ ഉൾപ്പെടുത്തി നാസിക്കിലേക്കാണ് സ്ഥലംമാറ്റം.Malegaon
ബോംബെ ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് ലാഹോട്ടിയടക്കമുള്ള ജഡ്ജിമാരെ സ്ഥലംമാറ്റി ഉത്തരവിട്ടത്. സ്ഥലംമാറ്റം വേനൽക്കാല അവധിക്ക് ശേഷം ജൂൺ ഒമ്പതിന് കോടതികൾ വീണ്ടും തുറക്കുമ്പോൾ പ്രാബല്യത്തിൽ വരും. 2008ൽ നടന്ന സ്ഫോടനക്കേസിൽ 17 വർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ജഡ്ജിമാരെ സ്ഥലംമാറ്റുന്നത്.
ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂർ, ലെഫറ്റനന്റ് കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധായ്, അജയ് രഹിർകാർ, സുധാകർ ദ്വിവേദി, സമീർ കുൽക്കർണി എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ യുഎപിഎ, ഐപിസി വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
വിധി പറയാനിരിക്കുന്ന ജഡ്ജിയെ സ്ഥലംമാറ്റിയത് നീതിയെ കൂടുതൽ വൈകിപ്പിക്കുമെന്ന് സ്ഫോടനത്തിന്റെ ഇരകൾ പറയുന്നു. ജഡ്ജിയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബോംബൈ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും അവർ പറഞ്ഞു. ‘ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിക്കാനൊരുങ്ങുകയാണ് ഞങ്ങൾ. വിധി പറയുംവരെ ജഡ്ജിയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നേരത്തെ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു’- ഇരകളുടെ അഭിഭാഷകൻ ഷാഹിദ് നദീം പറഞ്ഞു.
കേസിൽ ഇതിനോടകം തന്നെ നീതി വൈകിയിരിക്കുകയാണ്. നിലവിലെ ജഡ്ജിയെയും സ്ഥലംമാറ്റിയതിലൂടെ അത് ഇനിയും നീണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയുള്ള കാര്യങ്ങളിൽ മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച നടന്ന അവസാന വാദം കേൾക്കലിൽ, ഏപ്രിൽ 15നകം ബാക്കി വാദങ്ങൾ പൂർത്തിയാക്കാൻ ജഡ്ജി ലഹോട്ടി പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും നിർദേശിച്ചിരുന്നു. അടുത്ത ദിവസം വിധി പറയാൻ കേസ് മാറ്റിവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രതിഭാഗം അഭിഭാഷകരിലൊരാൾ പറഞ്ഞു.
2008 സെപ്തംബർ 29നാണ് വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ കെട്ടിയിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 323 സാക്ഷികളെയും പ്രതിഭാഗം എട്ട് പേരെയും വിസ്തരിച്ചു. 2011ൽ എൻഐഎയ്ക്ക് കൈമാറുംമുമ്പ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് കേസ് അന്വേഷിച്ചിരുന്നത്.