വയനാട്ടിൽ പ്രിയങ്കയുടെ പ്രചാരണത്തിന് മമതയും? സൂചന

Mamata

ന്യൂഡൽഹി: വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയും പ്രചാരണത്തിനെത്തുമെന്ന് സൂചന. വ്യാഴാഴ്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം കൊൽക്കത്തയിൽ വെച്ച് മമതയുമായി കൂടിക്കാ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങളുണ്ടായി എന്ന സൂചനകൾ ശക്തിപ്പെടുത്തുന്നതാണ് നിലവിലെത്തുന്ന റിപ്പോർട്ടുകൾ. തൃണമൂൽ കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.Mamata

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ജൂൺ 24ന് പാർലമെന്റ് ആദ്യമായി ചേരുന്നതിന് മുന്നോടിയായായിരുന്നു മമതയുമായി ചിദംബരത്തിന്റെ കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണിപ്പോൾ വയനാട്ടിൽ പ്രിയങ്കയ്ക്ക് വേണ്ടി മമത പ്രചാരണത്തിനെത്തുമെന്ന സൂചന ഉയരുന്നത്. പ്രിയങ്കയുമായി നല്ല വ്യക്തിബന്ധമുള്ളയാളാണ് മമത. പ്രിയങ്കയെ വാരാണസിയിൽ മോദിക്കെതിരെ മത്സരിപ്പിക്കണമെന്ന് മമത നിർദേശിച്ചതായി നേരത്തെ റിപ്പോർട്ടുകളെത്തിയിരുന്നു

ഇൻഡ്യാ മുന്നണിയുടെ ഭാഗമെങ്കിലും ബംഗാളിൽ കോൺഗ്രസുമായി അത്ര ചേർച്ചയിലല്ല മമത. ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുമായുള്ള അസ്വാരസ്യങ്ങളായിരുന്നു ഇതിന് കാരണം. അധീർ രഞ്ജൻ ബഹറംപൂരിൽ നിന്ന് പരാജയപ്പെട്ട സാഹചര്യത്തിലാണ് മമതയുമായി ബന്ധം പുനഃസ്ഥാപിക്കാൻ കോൺഗ്രസ് മുതിരുന്നതെന്നാണ് ഉയരുന്ന വാദങ്ങൾ. മമതയുടെ സ്ഥിരം വിമർശകരിലൊരായ അധീർ രഞ്ജൻ തുടർച്ചയായി അഞ്ച് തവണ എംപിയായതിന് പിന്നാലെയാണ് ഇത്തവണ പരാജയപ്പെട്ടത്. തോൽവിക്ക് പിന്നാലെ ഇദ്ദേഹം പാർട്ടിയുടെ അധ്യക്ഷ പദവി രാജി വയ്ക്കുകയും ചെയ്തു.

മമതയും ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിൽ ചെറുതെങ്കിലും വീഴ്ച വരുത്താൻ അധീർ രഞ്ജൻ ഒരു കാരണമായിരുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ബംഗാളിൽ തെരഞ്ഞെടുപ്പിന് മമത സഖ്യമുപേക്ഷിച്ചതും ഈ കാരണം മൂലമാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *