മണിപ്പൂർ: മോദി സർക്കാറിനെതിരെ ‘ഇൻഡ്യ’ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ മോദി സർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. അസമിൽ നിന്നുള്ള കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് ആണ് പ്രതിപക്ഷ മുന്നണിയായ ‘ഇൻഡ്യ’ക്ക് വേണ്ടി ലോക്സഭയിൽ നോട്ടീസ് നൽകിയത്. ഗൗരവ് ഗൊഗോയ് കൂടാതെ ബി.ആർ.എസ് എം.പി നാമ നാഗേശ്വര റാവുവും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി പ്രതിപക്ഷ പാർട്ടികൾ നടത്തിയ കൂടിയാലോചനയിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
മണിപ്പൂർ വിഷയത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ ഉറച്ച നിലപാട് സ്വീകരിച്ചതോടെ മഴക്കാല പാർലമെന്‍റ് സമ്മേളനത്തിന്‍റെ നാലാം ദിവസവും ഇരുസഭകളിലും നടപടികൾ തടസപ്പെട്ടിരുന്നു. മണിപ്പൂർ വിഷയത്തിൽ മോദിയുടെ പ്രസ്താവനയോടെ പാർലമെന്‍റിൽ വിശദ ചർച്ച വേണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷത്തിനുള്ളത്. സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി പാർലമെന്‍റിൽ സംസാരിക്കേണ്ടി വരും. ഇതു കണക്കിലെടുത്താണ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ മുന്നണി തീരുമാനിച്ചത്.
ലോക്സഭയിൽ സർക്കാറിന് വ്യക്തമായ ഭൂരിപക്ഷമുള്ളതു കൊണ്ട് അവിശ്വാസ പ്രമേയം പാസാകില്ല. എന്നാൽ, പ്രമേയ ചർച്ചയിൽ സർക്കാറിനെ തുറന്നാക്രമിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് അവസരം ലഭിക്കും. മണിപ്പൂർ വിഷയത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷത്തിന്‍റെ ശക്തമായ നിലപാട് പൊതുശ്രദ്ധയിൽ കൊണ്ടുവരാനാകും.
ഒന്നാം മോദി സർക്കാറിനെതിരെ 2018 ജൂലൈ 20ന് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാൽ, 325-126 എന്ന വോട്ടുനിലയിൽ പ്രമേയം പരാജയപ്പെട്ടു. ലോക്സഭയിൽ അവിശ്വാസപ്രമേയ നോട്ടീസ് നൽകാൻ ചുരുങ്ങിയത് 50 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.