മങ്കട സദാചാര കൊലപാതകം; അഞ്ച് പ്രതികൾക്കും ജീവപര്യന്തവും പിഴയും
മഞ്ചേരി: മങ്കട കൂട്ടിലിലെ സദാചാര കൊലപാതകക്കേസിൽ അഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവും 85,000 രൂപ പിഴയും വിധിച്ചു. കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുല്‍ നാസര്‍ (46), സഹോദരന് ഷറഫുദ്ദീന് (39), പട്ടിക്കുത്ത് മുഹമ്മദ് സുഹൈല്‍ (40), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍ (60), പട്ടിക്കുത്ത് സക്കീര്‍ ഹുസൈന് (49) എന്നിവരെയാണ് മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. തുഷാർ ശിക്ഷിച്ചത്.
ഒന്ന്, രണ്ട്, നാല് പ്രതികള്‍ ജീവപര്യന്തം തടവിന് പുറമെ അഞ്ച് വര്‍ഷവും 11 മാസവും കഠിനതടവ് അനുഭവിക്കുകയും 15,000 രൂപ വീതം പിഴയടക്കുകയും വേണം. പിഴയടച്ചില്ലെങ്കില്‍ നാല് മാസം അധിക കഠിനതടവനുഭവിക്കണം. മൂന്ന്, അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് പുറമെ ഏഴ് വര്‍ഷവും 11 മാസവും കഠിനതടവും, 20,000 രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക കഠിനതടവുമുണ്ട്. പിഴത്തുക കൊല്ലപ്പെട്ട നസീര്‍ ഹുസൈന്റെ അവകാശികള്‍ക്ക് നല്‍കണം. വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്കാൻ ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നൽകി.
ആറ് മുതൽ എട്ട് വരെ പ്രതികളായ ചെറണാൻകുന്നൻ ഷഫീഖ് (40), മുക്കില്‍പീടിക പറമ്പാട്ട് മന്‍സൂര്‍ (40), അമ്പലപ്പാട്ട് അബ്ദുല്‍ നാസര്‍(41) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കഴിഞ്ഞദിവസം വെറുതെ വിട്ടിരുന്നു.
2016 ജൂണ്‍ 28ന് പുലര്‍ച്ചെ മൂന്നരക്കായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്തെ ഒരു വീട്ടിലേലെത്തിയ മങ്കട സ്വദേശി കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനെ (40) സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ജി. മാത്യു ഹാജരായി. പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
